കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് ഷൊർണൂരിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ, കുളപ്പുള്ളിക്ക് സമീപമുള്ള പെട്രോൾ പമ്പ് എന്നിവിടങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. ഷാരൂഖ് സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പുലർച്ചെ നാല് മണിക്ക് ഷൊർണൂരിൽ ട്രെയിൻ ഇറങ്ങിയ പ്രതി വൈകിട്ട് ഏഴ് മണിവരെ സമയം ചിലവഴിച്ചതിനെ പറ്റിയാണ് പ്രധാന അന്വേഷണം നടക്കുന്നത്.
കൂടാതെ, ഷൊർണൂരിൽ നിന്ന് മൂന്ന് കിലോമീറ്റർ അപ്പറത്തുള്ള പെട്രോൾ പമ്പിൽ നിന്നാണ് ഇയാൾ പെട്രോൾ വാങ്ങിയതെന്നും കണ്ടെത്തിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷന് അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് നേരത്തെ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഇടങ്ങളിൽ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്താനാണ് സാധ്യത. ശേഷം ആക്രമണം നടന്ന എലത്തൂരിലും തെളിവെടുപ്പ് നടത്തും.
കഴിഞ്ഞ ദിവസം പ്രതിയെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതി തീയിട്ട ഡി1, ഡി2 കോച്ചിലെത്തിയാണ് തെളിവെടുത്തത്. ഷാരൂഖിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ, കൃത്യത്തിന് ശേഷം ഇയാൾ ആരെങ്കിലുമായി സംസാരിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം പ്രതിയിൽ നിന്ന് ഉത്തരം ലഭിക്കേണ്ടതുണ്ട്. കൃത്യം താൻ ചെയ്തതാണെന്നും ബാഗ് തന്റേതാണെന്നും അല്ലാതെ മറ്റൊന്നും ഷാരൂഖ് വെളിപ്പെടുത്തിയിട്ടില്ല.
Most Read: രാഹുൽ ഗാന്ധിക്ക് നിർണായകം; അപ്പീൽ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും








































