തിരുവനന്തപുരം : സംസ്‌ഥാനത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് വൈകുന്നേരം 6 മണിയോടെ അവസാനിക്കും. ഡിസംബര്‍ 8 ആം തീയതി നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് നടക്കുന്നത്. സംസ്‌ഥാനത്ത് കോവിഡ് സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരസ്യ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാശക്കൊട്ടിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് എവിടെയെല്ലാം പാലിക്കുമെന്ന കാര്യത്തില്‍ ഉദ്യോഗസ്‌ഥര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. വിലക്ക് മറികടന്നു കൊണ്ട് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്ന നടപടി ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്നതോടെ പോളിംഗ് ബൂത്തുകള്‍ക്ക് സമീപമുള്ള പ്രചാരണ സാമഗ്രികള്‍ ഇന്ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി നീക്കം ചെയ്യണമെന്ന് കളക്‌ടർമാര്‍ അതാത് ജില്ലകളില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാക്കുന്നതോ, മറ്റ് കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ ഉണ്ടാകുന്നതോ ആയ എല്ലാ കാര്യങ്ങളും ഒഴിവാക്കണം എന്നും അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ സ്‌ഥാനാര്‍ഥികള്‍ പൂര്‍ണമായും ശ്രദ്ധ നല്‍കണമെന്നും അധികൃതര്‍ വ്യക്‌തമാക്കി.
5 ജില്ലകളില്‍ നിന്ന് 7,271 വാര്‍ഡുകളിലായി 24,582 സ്‌ഥാനാര്‍ഥികളാണ് മൽസരിക്കുന്നത്. കൂടാതെ രണ്ട് വാര്‍ഡുകളില്‍ സ്‌ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റി വച്ചിട്ടുണ്ട്. കോവിഡ് രോഗബാധയുള്ളവര്‍ക്കും, ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിച്ചിട്ടുണ്ട്. നാളെ വൈകുന്നേരം 3 മണി കഴിഞ്ഞ് രോഗ ബാധിതരാകുന്നവര്‍ക്ക് വോട്ടെടുപ്പ് ദിവസം വൈകുന്നേരം 6 മണിക്ക് ശേഷം പോളിംഗ് ബൂത്തിലെത്തി വോട്ടുകള്‍ രേഖപ്പെടുത്താം. ഇവര്‍ പോളിംഗ് ബൂത്തിലെത്തുമ്പോള്‍ പിപിഇ കിറ്റ് ധരിച്ചിരിക്കണം. കൂടാതെ ഈ സമയം തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരും, ഏജന്റുമാരും പിപിഇ കിറ്റ് ധരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്‌തമാക്കി.
Read also : ആലപ്പുഴ മെഡിക്കല്‍ കോളേജ്; കൂട്ടിരിപ്പുകാരെ ഇറക്കി വിട്ടതില്‍ പ്രതിഷേധം