കോട്ടയം: 10 തവണ നിയമസഭയിലേക്ക് വിജയിച്ച ഉമ്മന്‍ചാണ്ടി ഇക്കുറി മൽസര രംഗത്തു നിന്ന് മാറിനിന്ന് എന്‍ഡിഎയുടെ യുവ സ്ഥാനാര്‍ഥിയെ അനുഗ്രഹിക്കണമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. പുതുപ്പള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവേയാണ് രാജ്നാഥ് രസകരമായ ആവശ്യം ഉന്നയിച്ചത്.
എന്‍ഡിഎ പ്രവര്‍ത്തകര്‍ കൂട്ടച്ചിരിയോടെ കൈയടിച്ചാണ് ഈ ആവശ്യം കേട്ടത്. ‘ഞാന്‍ ഏറെ ബഹുമാനിക്കുന്ന നേതാവാണ് ഉമ്മന്‍ചാണ്ടിജി. എനിക്ക് ഇഷ്ടമുള്ള മുതിര്‍ന്ന വ്യക്തിയുമാണ്. പക്ഷേ, ഇക്കുറി അദ്ദേഹം യുവാക്കള്‍ക്കു വേണ്ടി മാറിനില്‍ക്കണം- രാജ്നാഥ് ആവശ്യപ്പെട്ടു.
ഉമ്മന്‍ചാണ്ടിയുടെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് വിളിപ്പാടകലെയായിരുന്നു പൊതുയോഗം. ഓഫീസിനു മുന്നിലൂടെ റോഡ് ഷോ കടന്നുവരവേ രാജ്നാഥ് ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് പുറത്ത് കൂടിനിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പ്രവര്‍ത്തകരും തിരിച്ച് അദ്ദേഹത്തെ അഭിവാദ്യം ചെയ്തു.
അതേസമയം രാജ്നാഥ് സിങിന്റെ വാക്കുകൾക്ക് ഉമ്മൻ ചാണ്ടി മറുപടി പറഞ്ഞു. രാജ്നാഥ് സിങ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ തീരുമാനം അനുസരിക്കുന്നതു പോലെ ഞാനും എന്റെ പാര്‍ട്ടി തീരുമാനം അനുസരിക്കുക ആണ്. പാര്‍ട്ടി നിര്‍ദേശിച്ചത് അനുസരിച്ചാണ് താൻ മൽസരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Read Also: പവാർ രോഗബാധിതൻ; വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാകും








































