കൊച്ചി : സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കള്ളവോട്ട് തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കി. വോട്ടെടുപ്പില്‍ കള്ളവോട്ടും, ആള്‍മാറാട്ടവും തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജികളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ച നടപടികള്‍ വിലയിരുത്തിയ കോടതി അവ തൃപ്തികരമാണെന്നും അറിയിച്ചു. കൂടാതെ തിരഞ്ഞെടുപ്പില്‍ ഇവ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി.
ജില്ലകളിലെ പ്രശ്നബാധിത ബൂത്തുകളില്‍ കള്ളവോട്ട് നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജികള്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് എടുത്ത നടപടികള്‍ പ്രകാരം പ്രശ്ന ബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് നടത്താനും, തിരിച്ചറിയല്‍ രേഖകള്‍ കൂടുതല്‍ കാര്യക്ഷമതയോടെ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സുരക്ഷ ആവശ്യപ്പെട്ട് സ്ഥാനാര്‍ഥികള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പരാതികള്‍ വിലയിരുത്തിയ ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കുമെന്ന പരാതിയുണ്ടെങ്കില്‍ പ്രശ്നബാധിതമല്ലാത്ത ബൂത്തുകളിലും സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ വീഡിയോ ചിത്രീകരണം നടത്തണമെന്നും, അതിന്റെ ചിലവുകള്‍ സ്ഥാനാര്‍ഥികള്‍ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം ഈ മാസം 14 ആം തീയതിയാണ് നടക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് മൂന്നാംഘട്ട തിരഞ്ഞെടുപ്പ്.
Read also : ബിജെപിയുടെ താമര ചിഹ്നം റദ്ദാക്കണം; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി







































