തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ജനമനസുകൾ തേടി യുഡിഎഫ് മുന്നിട്ടിറങ്ങുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരളയാത്ര സംഘടിപ്പിക്കാനാണ് പാർട്ടിയുടെ പദ്ധതി. കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യവും യാത്രക്ക് പിന്നിലുണ്ട്.
പരിപാടി ഫെബ്രുവരിയിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന തരത്തിലാകും പ്രതിപക്ഷ നേതാവിന്റെ കേരളയാത്ര ആസൂത്രണം ചെയ്യുക. ജാഥാ പര്യടനത്തോടെ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമാകും.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് മുന്നണി കടന്നുകഴിഞ്ഞു. ജനുവരി 11ന് നേതൃയോഗം ചേർന്ന് ഘടക കക്ഷികളുമായുള്ള സീറ്റുചർച്ചയുടെ തീയതി നിശ്ചയിക്കും. ജനുവരിയിൽ തന്നെ സീറ്റും സ്ഥാനാർഥികളെയും സംബന്ധിച്ച ഏകദേശ ധാരണയുണ്ടാക്കാനാണ് ശ്രമം. മാണി ഗ്രൂപ്പും എൽജെഡിയും പാർട്ടി വിട്ടതിനാൽ സീറ്റുകൾ വിഭജിക്കാനുള്ള ആലോചനകളും പുരോഗമിക്കുകയാണ്.
ജെഡിയുവിന്റെ സീറ്റുകൾ ഇത്തവണ ഒഴിവാണ്. ജോസഫ് ഗ്രൂപ്പിന് അധികമായി നൽകിയാലും മാണി ഗ്രൂപ്പിന്റെ കുറച്ച് സീറ്റുകളിൽ ഒഴിവുവരും. രണ്ടുംകൂടി 12-14 സീറ്റുകൾ അധികമായി വിഭജിക്കാനാണ് പദ്ധതി. അതേസമയം, എൻസിപി യുഡിഎഫിലേക്ക് വരികയാണെങ്കിൽ അവർക്ക് സീറ്റ് വിട്ടുകൊടുകേക്കണ്ടി വരും.
Also Read: പാലാരിവട്ടം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിന് ഉപാധികളോടെ ജാമ്യം





































