തിരുവനന്തപുരം: സോളാർ കേസിൽ മുൻ മന്ത്രി എപി അനിൽകുമാറിനെയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും പോലീസ് ഉടൻ ചോദ്യം ചെയ്യുമെന്ന് വിവരം. തെരഞ്ഞെടുപ്പ് അടുത്തതിന്റെ പശ്‌ചാത്തലത്തിൽ സോളാർ കേസ് വീണ്ടും പൊടിതട്ടി രംഗത്തെത്തിക്കാനാണ് സംസ്‌ഥാന സർക്കാരിന്റെ ആലോചന. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി കേസ് ശക്‌തിപ്പെടുത്താനും പദ്ധതിയുണ്ട്. നിലവിലുള്ള രാഷ്‌ട്രീയ ആരോപണങ്ങളെ പ്രതിരോധിക്കാൻ സംസ്‌ഥാന സർക്കാരിന്റെ മുന്നിലുള്ള ഏക വഴി പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള കേസുകളിൽ അന്വേഷണം ശക്‌തിപെടുത്തുക എന്നതാണ്.
പരാതിക്കാരിയുടെ മൊഴിയെടുപ്പും തെളിവെടുപ്പും പൂർത്തിയാക്കിയ അന്വേഷണ സംഘം ഉമ്മൻചാണ്ടിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. 2012 സെപ്റ്റംബർ 29ന് കൊച്ചിയിലെ ആഡംബര ഹോട്ടലിൽ വെച്ച് പരാതിക്കാരിയെ മന്ത്രി അനിൽകുമാർ പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തെളിവെടുപ്പിൽ പീഡനം നടന്നെന്ന് പറയപ്പെടുന്ന മുറിയടക്കം പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ച് നൽകി. എന്നാൽ, മൊഴിയിലും തെളിവുകളിലും ഇനിയും വ്യക്‌തത വരാനുണ്ടെന്നാണ് പോലീസ് പറയുന്നത്.
Also Read: ബിലീവേഴ്‌സ് ചർച്ചിന് കോടികളുടെ ഹവാല ഇടപാട്; കള്ളപ്പണം വെളുപ്പിച്ചെന്ന് കണ്ടെത്തി
പീഡനം നടന്നെന്ന് പറയപ്പെടുന്ന മുറിയിൽ ആ ദിവസം അനിൽകുമാർ താമസിച്ചിരുന്നോയെന്ന് അന്വേഷിച്ചെങ്കിലും ഹോട്ടലിൽ നിന്ന് രേഖകളൊന്നും ലഭിച്ചിട്ടില്ല. അത്തരം തെളിവുകൾ ഉറപ്പിച്ചാൽ മാത്രമേ പൊലീസിന് കടുത്ത നടപടികളിലേക്ക് നീങ്ങാനാകൂ. മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലെ ടൂറിസം പദ്ധതികളുടെ കാര്യം പറയാൻ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി. എന്നാൽ, പദ്ധതികൾക്ക് മന്ത്രിയുമായി നേരിട്ട് ബന്ധമില്ല എന്നതാണ് കേസിലെ പ്രധാന പൊരുത്തക്കേട്.







































