തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയുടെ മുൻ അഭിഭാഷകനായ ഫെനി ബാലകൃഷ്‌ണൻ. ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മൻ ചാണ്ടിയുടേയും ജോസ് കെ മാണിയുടെയും പേരെഴുതി ചേർത്ത് കത്തെഴുതിയതെന്നും ഫെനി ബാലകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ പേര് സോളാർ കേസ് പരാതിക്കാരി എഴുതിയ ആദ്യ നിവേദനത്തിൽ ഇല്ലായിരുന്നു. പിന്നീട് കൂട്ടിച്ചേർത്തത് ഗണേഷ് കുമാർ എംഎൽഎയുടെ ബന്ധുവായ ശരണ്യ മനോജിന്റെ നേതൃത്വത്തിലാണ്. ജോസ് കെ മാണിയുടെ പേരും ആദ്യ നിവേദനത്തിൽ ഇല്ലായിരുന്നു. ഗണേഷ് പീഡിപ്പിച്ചതായി ആദ്യ നിവേദനത്തിൽ പരാതിക്കാരി വ്യക്‌തമാക്കിയിരുന്നുവെന്നും ഇത് പിന്നീട് ഒഴിവാക്കിയെന്നും ഫെനി ബാലകൃഷ്‌ണൻ പറഞ്ഞു.
പരാതിക്കാരി തനിക്ക് നൽകിയത് കത്തല്ലെന്നും, നിവേദനത്തിന്റെ കരടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 21 പേജുള്ള നിവേദനം പത്തനംതിട്ട സബ് ജയിലിൽ വെച്ചാണ് പരാതിക്കാരി നൽകിയത്. നിവേദനം ശരണ്യ മനോജ്, ബാലകൃഷ്‌ണ പിള്ളയുടെ വീട്ടിലേക്ക് കൊണ്ടുപോയി. വഴിമധ്യേ ശരണ്യ മനോജാണ് ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേർത്ത കത്ത് തനിക്ക് കാണിച്ചു തന്നതെന്നും ഫെനി ബാലകൃഷ്‌ണൻ വെളിപ്പെടുത്തി.
ഗണേഷ് കുമാറിന് മന്ത്രിയാവാൻ കഴിഞ്ഞില്ല. അതിനാൽ മുഖ്യനെ താഴെയിറക്കണമെന്ന് ശരണ്യ മനോജ് തന്നോട് പറഞ്ഞുവെന്നും ഫെനി ബാലകൃഷ്‌ണൻ കൂട്ടിച്ചർത്തു. ശരണ്യ മനോജും ഗണേഷിന്റെ പിഎ പ്രദീപുമാണ് ഗൂഢാലോചനയിൽ മുഖ്യകണ്ണിയെന്നും അദ്ദേഹം വെളിപ്പെടുത്തി. സിഡി ഉൾപ്പടെ പല തെളിവുകളും കൈയിലുണ്ടെന്നും ആ തെളിവ് ലഭിക്കാൻ പലരും സമീപിച്ചിരുന്നെന്നും ഫെനി ബാലകൃഷ്‌ണൻ പറഞ്ഞു. പരാതിക്കാരിക്ക് വേണ്ടി വക്കീൽ ഫീസ് തന്നിരുന്നത് ഗണേഷിന്റെ പിഎ പ്രദീപാണെന്നും ഫെനി ബാലകൃഷ്‌ണൻ കൂട്ടിച്ചേർത്തു.
Most Read| പൂനെയിലേക്ക് സാമ്പിളുകൾ അയച്ചത് സാങ്കേതിക നടപടിയെന്ന് ആരോഗ്യമന്ത്രി; വാദംതള്ളി മുഖ്യമന്ത്രി