ന്യൂഡെൽഹി: എസ്ബിഐ സമർപ്പിച്ച ഇലക്ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ജമ്മു കശ്മീർ സന്ദർശനത്തിന് ശേഷമായിരിക്കും പരിശോധന. സന്ദർശനം പൂർത്തിയാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഇന്ന് വൈകിട്ടോടെ ഡെൽഹിയിലെത്തും.
തിരഞ്ഞെടുപ്പ് കടപ്പത്രത്തിലെ വിവരങ്ങൾ ചൊവ്വാഴ്ച വൈകിട്ട് എസ്ബിഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഡിജിറ്റൽ വിവരങ്ങളാണ് കൈമാറിയത്. കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന സുപ്രീം കോടതി മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മീഷണർ ഈ വിവരങ്ങൾ 15ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
എസ്ബിഐ നൽകിയ വിവരങ്ങൾ ക്രോഡീകരിച്ച് 15ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത് കമ്മീഷന് വെല്ലുവിളിയാകുമെന്നാണ് സൂചന. ഇതിനിടെ, കോടതി ഉത്തരവ് തടയണമെന്ന അസാധാരണ ആവശ്യം സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡണ്ട് ഉന്നയിച്ചിട്ടുണ്ട്. ഓരോ പാർട്ടിക്കും ആരുടെയെല്ലാം പണം ലഭിച്ചുവെന്ന വിവരം എസ്ബിഐ ക്രോഡീകരിച്ച് നൽകിയിട്ടില്ല. ഇതിന് ജൂൺ 30 വരെ സാവകാശം ആവശ്യപ്പെട്ടാണ് എസ്ബിഐ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്.
ഇതോടെ, കൈയിലുള്ള വിവരങ്ങൾ കൈമാറാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. ഓരോ സ്ഥാപനവും വ്യക്തിയും വാങ്ങിയ ബോണ്ടുകളുടെ വിവരവും ഓരോ പാർട്ടിക്കും അത് ലഭിച്ചതിന്റെ വിശദാംശങ്ങളും പ്രത്യേകമായാണ് നൽകിയതെന്നാണ് സൂചന. 2018 ജനുവരി രണ്ടുമുതലാണ് ഇലക്ടറൽ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്.
ഇന്ത്യൻ പൗരനോ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കോ പലിശയില്ലാത്ത ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. വ്യക്തികൾക്ക് ഒറ്റയ്ക്കോ സംഘമായോ വാങ്ങാനും സാധിക്കും. രാഷ്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നത് സുതാര്യമാക്കാൻ കഴിഞ്ഞ 2018ലെ പൊതുബജറ്റിലാണ് കടപ്പത്ര പദ്ധതി കേന്ദ്രം കൊണ്ടുവന്നത്. എസ്ബിഎയുടെ നിശ്ചിത ശാഖകളാണ് കടപ്പത്രം നൽകുക.
Most Read| സിഎഎ മുസ്ലിംകളുടെ പൗരത്വത്തെ ബാധിക്കില്ല; വിശദീകരിച്ച് കേന്ദ്രം