കണ്ണൂർ: വിവാദങ്ങൾക്കൊടുവിൽ സെന്റ് മൈക്കിൾസ് സ്കൂളിന് സമീപത്തെ വിളക്കുംതറ മൈതാനത്ത് പട്ടാളം വേലി കെട്ടി. മൈതാനത്തിന്റെ 3 ഭാഗങ്ങളിൽ ആയാണ് വേലി കെട്ടിയത്. ഇന്നലെ ഒമ്പത് മണിയോടെയാണ് മൈതാനത്തിന്റെ 3 ഭാഗവും വേലി കെട്ടി തിരിച്ചത്.
കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോപ്സിലെ പട്ടാളക്കാരാണ് ഇവിടെ വേലി കെട്ടാൻ ഇറങ്ങിയത്. സ്കൂളിന്റെ പ്രവേശന കവാടം വരുന്ന ഭാഗവും കെഎസ്ഇബി ഓഫീസിന്റെ ഭാഗവും വേലി കെട്ടുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവിടെ വേലി കെട്ടുന്നത് രാഷ്ട്രീയ പാർടികളും നാട്ടുകാരും സ്കൂൾ അധികൃതരും ചേർന്ന് കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. തുടർന്ന് വി ശിവദാസൻ എംപി പ്രതിരോധ മന്ത്രാലയവും കമാൻഡന്റുമായി നടത്തിയ ചർച്ചയിലാണ് സ്കൂളിന്റെ പ്രവേശന കവാടം വരുന്ന ഭാഗവും കെഎസ്ഇബി ഓഫീസിന്റെ ഭാഗവും ഒഴിച്ചിടാൻ ധാരണ ആയത്. സ്കൂളിൽ എത്താനുള്ള ഏക മാർഗം വിളക്കുംതറ മൈതാനം വഴിയാണ്. സ്കൂൾ വാഹനം പാർക്ക് ചെയ്യുന്നതും ഇവിടെയാണ്. രണ്ട് വർഷം മുമ്പ് പട്ടാളം മൈതാനം അടക്കാൻ ശ്രമിച്ചെങ്കിലും സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് പിൻമാറുകയായിരുന്നു.
ഇന്നലെ രാവിലെ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ സെന്റ് മൈക്കിൾസ് സ്കൂൾ പൂർവ വിദ്യാർഥി സംഘടനാ നേതാക്കളായ സി ജയചന്ദ്രൻ, ഒകെ വിനീഷ്, എന്നിവർ ചേർന്ന് ഡിഎസ്സി കമാൻഡന്റ് പുഷ്പേന്ദ്ര ജഗ്വാളുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയെ തുടർന്ന് പുതിയ ഉത്തരവ് വരുന്നത് വരെ സ്കൂളിന്റെ ഭാഗത്ത് വേലി കെട്ടില്ലെന്ന് കമാൻഡന്റ് ഉറപ്പ് നൽകി. ഭാവിയിൽ മുഴുവൻ സ്ഥലത്തും വേലി കെട്ടേണ്ട സാഹചര്യം വന്നാൽ സ്കൂളിന്റെ പ്രവേശന കവാടം ഒഴിവാക്കുന്ന കാര്യം പ്രതിരോധ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: ഇടപ്പള്ളിയിൽ യുവാവിനെ തലക്കടിച്ച് കൊന്ന കേസ്; പോലീസുകാരനടക്കം രണ്ട് പേർ അറസ്റ്റിൽ






































