ന്യൂഡെൽഹി: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചതിന് എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ. ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.
നേരിട്ടുള്ള തെളിവ് ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക ഹൈക്കോടതി ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. സംശയം വച്ചു മാത്രം ജാമ്യം നൽകാതിരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എപ്പോൾ വിളിച്ചാലും കോടതിയിൽ ഹാജരാകണം, രാജ്യം വിട്ടു പോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഒക്ടോബർ 28ന് ആണ് ബിനീഷ് കോടിയേരിക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 2020 നവംബർ 11ന് ആണ് രണ്ടാംവട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഇഡി നാടകീയമായി അറസ്റ്റ് ചെയ്തത്. കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും ആയിരുന്നു കോടതിയിൽ തുടക്കം മുതലേ ബിനീഷ് പറഞ്ഞത്.
Most Read: കൊല്ലത്ത് ഉൽസവത്തിനിടെ സംഘർഷം; വെട്ടേറ്റ യൂത്ത് ഫ്രണ്ട് (ബി) നേതാവ് മരിച്ചു







































