സംസ്‌ഥാനത്ത് ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തി; നടപടികൾ ശക്‌തം

By News Desk, Malabar News
oxygen-cylinder
Represnetational Image
Ajwa Travels

തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ ഒമൈക്രോൺ സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്‌ഥാനത്തെ ഓക്‌സിജന്‍ ലഭ്യതയും ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങളും ഉറപ്പ് വരുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രതിദിനം 354.43 മെട്രിക് ടണ്‍ ഓക്‌സിജനാണ് സംസ്‌ഥാനം ഉൽപാദിപ്പിക്കുന്നത്. പ്രതിദിനം 65 മെട്രിക് ടണ്‍ ഓക്‌സിജന്‍ മാത്രമാണ് സംസ്‌ഥാനത്ത് ഇപ്പോൾ ആവശ്യമായി വരുന്നത്. കേരളം ഓക്‌സിജനില്‍ സ്വയംപര്യാപ്‌തത നേടിയിട്ടുണ്ട്. മാത്രമല്ല, അധിക ശേഖരമുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.

കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. രണ്ടാം തരംഗത്തില്‍ കേരളത്തില്‍ ഓക്‌സിജന്‍ ലഭ്യത ഒരു തരത്തിലും ബാധിച്ചിരുന്നില്ല. മുൻപ് 4 ഓക്‌സിജന്‍ ജനറേറ്ററുകള്‍ മാത്രമാണുണ്ടായത്. മൂന്നാം തരംഗം മുന്നില്‍ കണ്ട് 38 ഓക്‌സിജന്‍ ജനറേറ്ററുകള്‍ അധികമായി സ്‌ഥാപിച്ചു. ഇതിലൂടെ പ്രതിദിനം 89.93 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട്. ഇതുകൂടാതെ 18 ഓക്‌സിജന്‍ ജനറേറ്ററുകള്‍ സ്‌ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഇതിലൂടെ 29.63 മെട്രിക് ടണ്‍ ഓക്‌സിജന്‍ അധികമായി ഉൽപാദിപ്പിക്കാന്‍ കഴിയും.

14 എയര്‍ സെപ്പറേഷന്‍ യൂണിറ്റുകള്‍ സംസ്‌ഥാനത്തിന്റെ പല ഭാഗത്ത് നിലവിലുണ്ട്. ഇതിലൂടെ 65 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഒരു ദിവസം ഉൽപാദിപ്പിക്കുന്നത്. ഇതുകൂടാതെ പ്രതിദിനം 207.5 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ ഉൽപാദിപ്പിക്കാനുള്ള ശേഷിയുമുണ്ട്.

ലിക്വിഡ് ഓക്‌സിജന്റെ സംഭരണ ശേഷിയും വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി നിലവില്‍ 1802.72 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ സംഭരണ ശേഷിയുണ്ട്. 174.72 മെട്രിക് ടണ്‍ അധിക സംഭരണശേഷി സജ്‌ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ഐസിയു കിടക്കകളും വെന്റിലേറ്ററുകളും സജ്‌ജമാണ്. സംസ്‌ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ 3107 ഐസിയു കിടക്കകളും 2293 വെന്റിലേറ്ററുകളുമാണ് ഉള്ളത്. അതില്‍ 267 ഐസിയു കിടക്കകളിലും 77 വെന്റിലേറ്ററുകളിലും മാത്രമാണ് കോവിഡ് രോഗികളുള്ളത്. 983 ഐസിയു കിടക്കകളിലും 219 വെന്റിലേറ്ററുകളിലും കോവിഡിതര രോഗികളുമുണ്ട്.

ഐസിയു കിടക്കകളുടെ 40.2 ശതമാനവും വെന്റിലേറ്ററുകളിലെ 12.9 ശതമാനം മാത്രവുമാണ് ആകെ രോഗികളുള്ളത്. ഇതുകൂടാതെ 7,468 ഐസിയു കിടക്കകളും 2,432 വെന്റിലേറ്ററുകളും സ്വകാര്യ ആശുപത്രികളിലുമുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങളുടെ കുറവുണ്ടായാല്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.

Also Read: സൈനിക ഹെലികോപ്‌ടർ തകർന്നുവീണ സംഭവം; മരണം 11 ആയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE