തൊടുപുഴ: ഇടുക്കി പൂപ്പാറയിലെ പന്നിയാർ പുഴയുടെ തീരത്തുള്ള കയ്യേറ്റം ഒഴിപ്പിക്കുന്നു. പന്നിയാർ പുഴയുടെ പുറമ്പോക്കിലുള്ള വീടുകളും കടകളും ഉൾപ്പടെ 56 കെട്ടിടങ്ങളാണ് ഒഴിപ്പിക്കുന്നത്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് റവന്യൂ വകുപ്പ് പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. പൂപ്പാറയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടി.
അതേസമയം, കയ്യേറ്റം ഒഴിപ്പിക്കൽ തടയുമെന്ന നിലപാടുമായി ആക്ഷൻ കൗൺസിലും രംഗത്തുണ്ട്. കോടതി അനുവദിച്ച 45 ദിവസം കഴിഞ്ഞിട്ടില്ലെന്നാണ് ആക്ഷൻ കൗൺസിൽ പ്രസിഡണ്ട് ബാബു വർഗീസ് പറയുന്നത്. കയ്യേറിയ പ്രദേശം ആറാഴ്ചക്കുള്ളിൽ ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കഴിഞ്ഞ മാസം 17നാണ് ഭൂവിഷയങ്ങൾ പരിഗണിക്കുന്ന ഹൈക്കോടതി പ്രത്യേക ബെഞ്ച് ഉത്തരവിട്ടത്.
പോലീസിന്റെ സഹായത്തോടെ ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കാനാണ് കോടതി നിർദ്ദേശം. ഉത്തരവ് നടപ്പിലായാൽ പൂപ്പാറ ടൗണിന്റെ ഒരു ഭാഗം ഇല്ലാതാകുമെന്നും പൂപ്പാറയിലേത് കയ്യേറ്റമല്ലെന്നുമാണ് നാട്ടുകാരുടെ പരാതി. ആറുപതിറ്റാണ്ട് മുൻപ് മുതൽ ഇവിടെ കുടിയേറി വീടുകളും ഉപജീവനത്തിനായി കടമുറികളും നിർമിച്ചവരെ കുടിയിറക്കാനുള്ള നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് നാട്ടുകാരുടെ വാദം.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!







































