കൊച്ചി: വിചാരണ കോടതിക്കെതിരെ ശക്‌തമായ ആരോപണങ്ങളുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ. സ്വഭാവ ശുദ്ധിയെ പോലും ചോദ്യം ചെയ്യുന്ന സന്ദർഭങ്ങൾ കോടതിയിൽ ഉണ്ടായതായി നടി പറഞ്ഞു. ഒരു സ്‌ത്രീയോട് ചോദിക്കാന്‍ പാടില്ലാത്ത നിരവധി ചോദ്യങ്ങള്‍ ഉണ്ടായി. അനേകം അഭിഭാഷകര്‍ കോടതിയിലുണ്ടായിരുന്നു. എട്ടാം പ്രതി ദിലീപിന് വേണ്ടി നിരവധി അഭിഭാഷകരാണ് എത്തിയത്. അവരുടെ മുന്നില്‍ വെച്ചാണ് പല ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ടി വന്നത്. ചില ചോദ്യങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ രംഗത്തെത്തിയപ്പോഴും അത് തടയാന്‍ വിചാരണകോടതി തയ്യാറായില്ല. പല വട്ടം കോടതിയിൽ കരഞ്ഞ സാഹചര്യങ്ങളുണ്ടായി. ഒരു തരത്തിലും മുന്നോട്ട് പോകാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും നടി വ്യക്‌തമാക്കി.
കേസില്‍ വിചാരണ നടക്കുന്ന എറണാകുളം കോടതിയില്‍ നിന്ന് കേസ് മാറ്റണമെന്ന സര്‍ക്കാരിന്റേയും നടിയുടേയും ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കവേയാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്. വിചാരണ കോടതി തെറ്റായ ഉത്തരവുകൾ ഇറക്കിയെങ്കിൽ എന്തുകൊണ്ട് അക്കാര്യം നേരത്തെ ഹൈക്കോടതിയിൽ ഉന്നയിച്ചില്ലെന്ന് നടിയോട് കോടതി ചോദിച്ചു. എല്ലാത്തിനും ഒബ്ജെക്ഷൻ ഫയൽ ചെയ്യേണ്ട എന്ന് അന്ന് തോന്നിയെന്നും പക്ഷേ അത് തെറ്റായി എന്ന് പിന്നീട് മനസിലായെന്നും നടിയുടെ അഭിഭാഷകൻ മറുപടി നൽകി.
ഇരയെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ പ്രതി ഭാഗത്ത് നിന്ന് ഉണ്ടായപ്പോൾ വിചാരണ കോടതി ഇടപെട്ടില്ലെന്ന് സംസ്‌ഥാന സർക്കാരും ഹൈക്കോടതിയെ അറിയിച്ചു. പല വട്ടം വൈകിട്ട് 6ന് ശേഷവും ക്രോസ് എക്‌സാമിനേഷൻ തുടർന്നു. ഇരക്ക് ആവശ്യമുള്ള ഇടവേളകൾ നൽകി വേണം വിചാരണ എന്നുള്ള സുപ്രീംകോടതി വിധി ന്യായങ്ങൾക്ക് എതിരാണ് ഇതെന്നും സർക്കാർ അറിയിച്ചു.
അതേസമയം, വിചാരണക്കോടതി മാറ്റണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹരജിയിൽ വാദം പൂർത്തിയായി, വിധി പറയാനായി മാറ്റി. അതുവരെ വിചാരണക്കോടതിയിലുള്ള കേസിന്റെ വിസ്‌താരത്തിനുള്ള സ്‌റ്റേ തുടരും. അടുത്ത വെള്ളിയാഴ്‌ച വരെയാണ് സ്‌റ്റേ നൽകിയത്.
National News: പ്രധാന മന്ത്രിക്കെതിരെ ട്വീറ്റ്; യുവാവ് അറസ്‌റ്റില്‍