കോഴിക്കോട്: മീഡിയാ വൺ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്‌ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജനാധിപത്യം ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടുന്ന നടപടികൾ അംഗീകരിക്കാൻ ആവില്ലെന്ന് അദ്ദേഹം പറഞ്ഞു.
“അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടാനുളള നീക്കം മാദ്ധ്യമ രംഗത്തോടുള്ള വെല്ലുവിളിയാണ്. ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. അത് സംരക്ഷിക്കപ്പെടണം. ഇല്ലെങ്കിൽ ഏകാധിപത്യ ഭരണമാണ് നിലവിൽ വരികയെന്നും,”- മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മീഡിയാ വൺ ചാനലിന്റെ സംപ്രേഷണം വിലക്കിയതിൽ കോഴിക്കോട് പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മീഡിയ വൺ ചാനലിന്റെ സംപ്രേഷണത്തിന് വിലക്ക് ഏർപ്പെടുത്തിയതിൽ നിരവധി പേരാണ് കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നത്. ചാനലിന്റെ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയത് ഗൗരവതരമായ വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ പ്രകടനത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ളത്. അത് തടസപ്പെടാത്ത സാഹചര്യമാണ് ഉണ്ടാകേണ്ടത്. വൈവിധ്യമാർന്ന അഭിപ്രായ പ്രകടനങ്ങൾക്ക് പൊതുമണ്ഡലത്തിൽ ഇടമുണ്ടാകണം. മറിച്ചായാൽ ആത്യന്തികമായി ജനാധിപത്യം തന്നെ അപകടപ്പെടും. ആ വിപത്ത് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള ജാഗ്രത സമൂഹത്തിൽ പുലരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Most Read: ആദായ നികുതിയിൽ പുതിയ ഇളവുകളില്ല; മാറ്റമില്ലാതെ നികുതി സ്‌ളാബുകൾ