ന്യൂഡൽഹി: മതവിദ്വേഷവും സ്പർദ്ധയും പടർത്തുന്ന ബിജെപി നേതാക്കളുടെ പ്രസംഗങ്ങൾ നീക്കം ചെയ്യാത്തതിനെച്ചൊല്ലി ദിവസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കും സമ്മർദ്ദങ്ങൾക്കുമൊടുവിൽ നടപടിയെടുത്ത് ഫേസ്ബുക്ക്. അക്രമവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം സംബന്ധിച്ച നയം ലംഘിച്ചതിന് ബിജെപി എംഎൽഎ ടി. രാജ സിംഗിന് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വിലക്ക് ഏർപ്പെടുത്തി. ഫേസ്ബുക്ക് വക്താവ് ഇ-മെയിൽ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വാൾസ്ട്രീറ്റ് ജേർണലാണ് ബിജെപി നേതാക്കൾക്കു വേണ്ടി വിദ്വേഷ പ്രചരണ പോസ്റ്റുകളിൽ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങൾ ഫേസ്ബുക്ക് ഇന്ത്യ മാറ്റുന്നുവെന്ന് റിപ്പോർട്ട് ചെയ്തത്. ഇതിനു പിന്നാലെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തെലങ്കാനയിലെ ബി.ജെ.പി. എംഎൽഎയാണ് രാജ സിംഗ്.
സംഭവത്തിൽ ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹനെ കഴിഞ്ഞദിവസം ശശി തരൂർ അദ്ധ്യക്ഷനായ ഐടി പാർലമെന്ററി സ്റ്റാൻഡിങ് കമ്മറ്റി വിളിച്ചുവരുത്തിയിരുന്നു. മൂന്നര മണിക്കൂറോളം നീണ്ടുനിന്ന യോഗത്തിൽ സംഭവുമായി ബന്ധപ്പെട്ട 90 ചോദ്യങ്ങളാണ് കമ്മറ്റി ഫേസ്ബുക്ക് ഇന്ത്യ മേധാവിയോട് ചോദിച്ചതെന്നാണ് റിപ്പോർട്ടുകൾ. സമൂഹ മാദ്ധ്യമങ്ങളുടെ ദുരുപയോഗം തടയുക, പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, ഓൺലൈൻ ന്യൂസ് മീഡിയകളെ നിയന്ത്രിക്കുക തുടങ്ങിയ വിഷയങ്ങളിലുള്ള കമ്പനിയുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അറിയുന്നതിന് വേണ്ടിയാണ് ഫെയ്ബുക്ക് ഇന്ത്യ മേധാവിയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്.







































