കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി കെ മുരളീധരൻ എംപി. പുതുപ്പള്ളിയിൽ പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിൽ നേതൃത്വത്തിൽ വീഴ്ച പറ്റിയെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംഘടനാ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതുപ്പള്ളിയിൽ പ്രതീക്ഷിച്ചതിലും വലിയ വിജയം നേടാൻ സാധിച്ചു. സഹതാപവും സർക്കാരിനെതിരായ വികാരവും പ്രതിഫലിച്ചു. എന്നാൽ, പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിൽ നേതൃത്വത്തിൽ വീഴ്ചപറ്റി. നേതൃത്വം ഒരിടത്ത് തന്നെ കേന്ദ്രീകരിച്ചു നടത്തിയ പ്രവർത്തനം കൊണ്ടാണ് മികച്ച വിജയം നേടിയത്. എന്നാൽ, പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇത് സാധിക്കില്ല. അതിനാൽ സംഘടനാ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണം. പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്- കെ മുരളീധരൻ പറഞ്ഞു.
സിപിഎമ്മിന് സങ്കടം ബിജെപി വോട്ട് കുറഞ്ഞതിലാണ്. സിപിഎമ്മുകാർക്ക് ബിജെപി പ്രേമം വിട്ടിട്ടില്ല. ആര് ചത്താലും കുഴപ്പമില്ല. ബിജെപിക്കാർ ചാവരുതെന്നാണ് സിപിഎം നിലപാട്. ഇടതു സർക്കാരിനെതിരായ വികാരം വർധിച്ചു വരികയാണെന്നും മുരളീധരൻ വിമർശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. മുൻപ് പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണ്. വടകരയിൽ നിന്ന് ആര് നിന്നാലും യുഡിഎഫിന് ജയിക്കാം. പ്രചരണത്തിന് താനും ഉണ്ടാകും. പുതുപ്പള്ളിയിലെ വിജയം കോൺഗ്രസിന് ഊർജം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| അഴിമതിക്കേസ്; ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ