നാഗ്‌പൂർ: വിമാനങ്ങൾക്ക് നേരെ വ്യാപകമായി തുടരുന്ന വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞതായി നാഗ്‌പൂർ പോലീസ്. ഗോന്തിയ ജില്ലയിലെ 35-കാരനായ ജഗദീഷ് ഉയ്‌ക്കെയെ ആണ് നാഗ്‌പൂർ സിറ്റി പോലീസ് സ്‌പെഷ്യൽ ബ്രാഞ്ച് തിരിച്ചറിഞ്ഞത്.
ഡിസിപി ശ്വേത ഖേട്‌കറുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ജഗദീഷ് ഉയ്‌ക്കെയുടെ ഇ-മെയിലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തിയത്. ഇയാൾ തീവ്രവാദത്തെക്കുറിച്ച് പുസ്‌തകം എഴുതിയിട്ടുണ്ടെന്നും 2021-ൽ ഒരു കേസിൽ അറസ്‌റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
വ്യാജ സന്ദേശനങ്ങളടങ്ങിയ ഇ-മെയിലുകൾ വന്നത് ഉയ്‌ക്കെയിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും പോലീസ് വ്യക്‌തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ്, എയർലൈൻ ഓഫീസുകൾ തുടങ്ങിയ ഗവൺമെന്റ് സ്‌ഥാപനങ്ങളിലേക്കും റെയിൽവേ മന്ത്രി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഡിജിപി, ആർപിഎഫ് എന്നിവർക്കും ഇയാൾ ഇ-മെയിൽ സന്ദേശം അയച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.
ഇയാളെ അറസ്‌റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഒക്‌ടോബർ 28 വരെയുള്ള 15 ദിവസങ്ങളിൽ മാത്രം 410 വിമാനങ്ങൾക്കാണ് ഇന്ത്യയിൽ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് കൂടുതൽ സന്ദേശങ്ങളും ലഭിച്ചത്. വ്യാജ ബോംബ് ഭീഷണി മുഴക്കുന്ന കുറ്റവാളികളെ വിമാനയാത്രയിൽ നിന്ന് ബാൻ ചെയ്യാനുള്ള നടപടികൾ ആലോചിക്കുന്നുണ്ടെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ രാംമോഹൻ നായിഡു വ്യക്‌തമാക്കിയിരുന്നു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!