ന്യൂഡെൽഹി: ഡെൽഹിയിലെ 40ലധികം സ്‌കൂളുകൾക്ക് ഇ-മെയിൽ വഴി ബോംബ് ഭീഷണി. സ്‌കൂൾ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും സ്‍ഫോടനം ഉണ്ടായാൽ വലിയ നാശനഷ്‌ടം ഉണ്ടാകുമെന്നുമാണ് ഇ-മെയിൽ സന്ദേശത്തിലുള്ളത്. പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി.
സംഭവത്തിൽ ഡെൽഹി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സന്ദേശം അയച്ചയാളുടെ ഐപി അഡ്രസ് പരിശോധിക്കുകയാണ് പോലീസ്. ആർകെ പുരത്തുള്ള ഡെൽഹി പബ്ളിക് സ്‌കൂൾ, പശ്‌ചിം വിഹാറിലെ ജിഡി ഗോയങ്ക പബ്ളിക് സ്‌കൂൾ എന്നിവയ്‌ക്ക് നേരെയാണ് ആദ്യം സന്ദേശമെത്തിയത്. ഭീഷണിയുടെ പശ്‌ചാത്തലത്തിൽ വിദ്യാർഥികളെ സ്‌കൂൾ അധികൃതർ തിരികെ വീട്ടിലേക്ക് അയക്കുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്‌തിരുന്നു.
ഇതിന് പിന്നാലെയാണ് 40ലധികം സ്‌കൂളുകൾക്ക് സന്ദേശം ലഭിച്ചെന്ന വിവരം പുറത്തുവരുന്നത്. രാജ്യത്തെ വിവിത സിആർപിഎഫ് സ്‌കൂളുകൾക്ക് നേരെ ഭീഷണി സന്ദേശമെത്തി രണ്ടുമാസത്തിന് ശേഷമാണ് വീണ്ടും സമാന സംഭവം റിപ്പോർട് ചെയ്‌തിരിക്കുന്നത്. ഡെൽഹിയിലെ രണ്ട് സ്‌കൂളുകൾക്ക് നേരെയും ഹൈദരാബാദിലെ ഒരു സ്‌കൂളിന് നേരെയുമാണ് അന്ന് ഭീഷണി സന്ദേശമെത്തിയത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!