പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യയുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. തനിക്കെതിരെ നടന്നത് അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ കൂടെ അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചന ആണെന്ന് വിദ്യ പോലീസിൽ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ തെളിവെടുപ്പിന്റെ ഭാഗമായി അട്ടപ്പാടി ഗവ. കോളേജ് പ്രിൻസിപ്പൽ ഇന്ന് അഗളി പോലീസിന് മുമ്പാകെ ഹാജരാകും.
രണ്ടു ദിവസത്തെ കസ്‌റ്റഡിയാണ് അന്വേഷണ സംഘത്തിന് കോടതി അനുവദിച്ചിട്ടുള്ളത്. ഇതിന് ശേഷം വിദ്യയെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് ജുഡീഷ്യൽ കസ്‌റ്റഡി എന്ന നിലയിൽ റിമാൻഡിൽ വിടുകയും ചെയ്യും. ജൂലൈ ആറു വരെയാണ് വിദ്യയെ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തിരിക്കുന്നത്. അതേസമയം, വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലായെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി.
ഒരു ചോദ്യത്തിനും കൃത്യമായി മറുപടി നൽകുന്നില്ലായെന്നും പോലീസ് പറഞ്ഞു. താൻ ഒളിവിൽ പോയിട്ടില്ലെന്നാണ് വിദ്യ ആവർത്തിച്ച് പറയുന്നത്. നോട്ടീസ് നൽകിയിരുന്നുവെങ്കിൽ ഹാജരാകുമായിരുന്നുവെന്നും വിദ്യ പറയുന്നു. മഹാരാജാസ് കേന്ദ്രീകരിച്ചു നടന്നത് വൻ ഗൂഢാലോചനയാണെന്നും അവിടുത്തെ ചില അധ്യാപകർ ഗൂഢാലോചനയുടെ ഭാഗമായെന്നും, അതിന് തുടക്കമിട്ടത് പ്രിൻസിപ്പലാണെന്നും വിദ്യ ആരോപിക്കുന്നു.
അതേസമയം, വിദ്യ ഒളിവിൽ കഴിഞ്ഞിരുന്ന വടകര വില്യാപള്ളിയിലെ വീട് പൂട്ടിയ നിലയിലാണ്. മുൻ എസ്എഫ്ഐ നേതാവ് റോവിത്തിന്റെ വില്യാപ്പള്ളി പഞ്ചായത്ത് 13ആം വാർഡിലെ വീട്ടിലാണ് വിദ്യ ഒളിവിൽ കഴിഞ്ഞത്. കാലിക്കറ്റ് സർവകലാശാല മുൻ എസ്എഫ്ഐ പ്രവർത്തകനാണ് റോവിത്ത്. വിദ്യക്ക് ഒളിത്താവളം ഒരുക്കിയവരെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് മാർച്ച് നടത്തിയതിന് പിന്നാലെയാണ് വീട് പൂട്ടിയത്.
അതേസമയം, വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിലെ പ്രതി നിഖിൽ തോമസ് ഒളിവിലായിട്ട് ഇന്നേക്ക് അഞ്ചു ദിവസമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കീഴടങ്ങാൻ നിഖിലിന് സമ്മർദ്ദം ചെലുത്തുകയാണ് പോലീസ്. നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്‌റ്റേഷനിൽ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്‌തിരുന്നു. മൂന്ന് സിഐമാരെ കൂടി ഉൾപ്പെടുത്തി അന്വേഷണം സംഘം വിപുലീകരിച്ചിട്ടുണ്ട്.
Most Read: സാമ്പത്തിക തട്ടിപ്പുക്കേസ്; കെ സുധാകരൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും