തിരുവനന്തപുരം: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലെ പ്രതിയായ നിഖിൽ തോമസ് ഒളിവിൽ. തിങ്കളാഴ്ച ഉച്ചക്ക് തിരുവനന്തപുരത്താണ് നിഖിലിന്റെ മൊബൈൽ ഫോൺ സിഗ്നൽ അവസാനമായി കാണിച്ചത്. പിന്നീട് യാതൊരുവിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. കായംകുളം പോലീസ് സ്റ്റേഷനിലെ സിഐയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
വിഷയത്തിൽ കായംകുളം എംഎസ്എം കോളേജ് പ്രിൻസിപ്പലിനെ കൂടാതെ കൊമേഴ്സ് വിഭാഗം മേധാവി, മുൻ പ്രിൻസിപ്പൽ ഡോ. എസ് ഭദ്രകുമാരി ഉൾപ്പടെയുള്ളവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. അതേസമയം, കോളേജ് നിയോഗിച്ച ആറംഗ അന്വേഷണ സമിതി റിപ്പോർട് ഇന്ന് സർവകലാശാല വിസിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കൈമാറും. അതിനിടെ, നിഖിൽ തോമസിന്റെ കലിംഗ സർവകലാശാല സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തിയിട്ടുണ്ട്.
കലിംഗ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഇത് സംബന്ധിച്ച് പോലീസിന് മൊഴി നൽകി. കേരള സർവകലാശാലയിൽ നിന്നും പോലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. അതേസമയം, എസ്എഫ്ഐ വ്യാജരേഖ വിവാദം സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കെ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് ചേരും. എസ്എഫ്ഐക്കെതിരെ ഉയർന്നിട്ടുള്ള വിവാദങ്ങൾ യോഗത്തിൽ ചർച്ചയായേക്കും. വിവാദത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സിപിഐ മുഖപത്രമായ ജനയുഗം പ്രതികരിച്ചിരുന്നു.
Most Read: അവശേഷിക്കുന്നത് 40 മണിക്കൂർ കൂടിയുള്ള ഓക്സിജൻ; അന്തർവാഹിനിക്കായി തിരച്ചിൽ ഊർജിതം







































