തിരുവനന്തപുരം: പ്രതിപക്ഷ പാർട്ടികളുടെ സമരാഭ്യാസത്തിന് മുന്നിൽ സർക്കാർ കീഴടങ്ങില്ലെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടെന്ന് വ്യാജമായി പ്രചരിപ്പിക്കാൻ വ്യാപക ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കോടിയേരി ആരോപിച്ചു.
എൽഡിഎഫ് സർക്കാരിനെ താഴെ ഇറക്കണമെന്ന മോഹം നടക്കാതായപ്പോൾ പുതിയ തിരക്കഥ ഉണ്ടാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടെന്ന് വ്യാപകമായി പ്രചരിക്കപ്പെട്ടു. എന്നാൽ, ചോദ്യം ചെയ്‌തപ്പോൾ മുഖ്യമന്ത്രിക്കോ ഓഫിസിനോ ബന്ധമില്ലെന്ന് സ്വപ്‌ന മൊഴി നൽകി.
സ്വർണം അയച്ചവരെയും ഏറ്റുവാങ്ങിയവരെയും കേന്ദ്ര ഏജൻസികൾ പിടികൂടിയിട്ടില്ലെന്നും കോടിയേരി ബാലകൃഷ്‌ണൻ ചൂണ്ടിക്കാട്ടി. സർക്കാരിനെ തകർക്കാമെന്നത് പ്രതിപക്ഷ പാർട്ടികളുടെ വ്യാമോഹം മാത്രമാണെന്നും, സമരാഭ്യാസത്തിന് മുന്നിൽ സർക്കാർ കീഴടങ്ങില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.
അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം കണക്കിലെടുത്ത് സംസ്‌ഥാനത്ത് ഉടനീളം മുഖ്യമന്ത്രിക്ക് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. കൊച്ചിയിൽ നിന്നെത്തുന്ന മുഖ്യമന്ത്രിക്ക് തൃശൂരിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. ഇന്ന് രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന തൃശൂരിലെ രാമനിലയം സർക്കാർ ഗസ്‌റ്റ് ഹൗസിലും കനത്ത പോലീസ് കാവൽ ഏർപ്പെടുത്തി. ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ചെല്ലാനത്തെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി എത്തുന്നത് തൃശൂർ രാമനിലയത്തിലാണ്. 40 അംഗ കമാൻഡോ സംഘമാണ് മുഖ്യമന്ത്രിയെ വിന്യസിക്കുന്നത്. ഇന്ന് രാത്രി രാമനിലയത്തിൽ തങ്ങിയ ശേഷം നാളെയാണ് മുഖ്യമന്ത്രി മലപ്പുറത്ത് എത്തുക. മുഖ്യമന്ത്രി പോകുന്ന വഴിയിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്.
Most Read: മധു വധക്കേസ്; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം







































