മലപ്പുറം: ജില്ലയിലെ പാലേമാട്ടിലെ വീട്ടമ്മയുടെ മരണം ചികിൽസാ പിഴവ് മൂലമെന്ന് കുടുംബം. പാലേമാട് മാമ്പറമ്പിൽ രത്നമയുടെ മരണത്തിലാണ് ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. വീട്ടമ്മയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ചുങ്കത്തറ മാർത്തോമാ ആശുപത്രിയിക്കെതിരെയാണ് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ മാസം 23ന് ആണ് രത്നമ്മ ചുങ്കത്തറ മാർത്തോമാ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്. ഹെർണിയ ശസ്ത്രക്രിയക്ക് മുമ്പ് നൽകിയ അനസ്തേഷ്യ കുത്തിവെപ്പിന് പിന്നാലെയാണ് വീട്ടമ്മയുടെ മരണം സംഭവിച്ചതെന്ന് പരാതിയിൽ പറയുന്നു. അനസ്തേഷ്യ നൽകിയതിലെ പിഴവാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. മരണവിവരം കൃത്യമായി അറിയിക്കാതെ ഒളിച്ചുവെക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചതായും ബന്ധുക്കൾ പരാതിയിൽ ആരോപിക്കുന്നു.
തർക്കമുണ്ടായതിനെ തുടർന്ന് പോലീസ് എത്തി ഇൻക്വസ്റ്റും മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടവും നടത്തിയാണ് മൃതദേഹം സംസ്കരിച്ചത്. എന്നാൽ, ചികിൽസയിൽ പിഴവുണ്ടായിട്ടും ഹൃദയാഘാതമാണ് പെട്ടെന്നുള്ള മരണത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട് വന്നാൽ ഇക്കാര്യം വ്യക്തമാകുമെന്നും ബന്ധുക്കൾ പറഞ്ഞു.
Most Read: ചൈനയിൽ ഫാക്ടറി കെട്ടിടത്തിൽ തീപിടുത്തം; 3 മരണം