കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ സന്ദർശക വിസയുടെ കാലാവധി ഉയർത്തി. പുതുക്കിയ റസിഡൻസി നിയമത്തിൽ കുടുംബ സന്ദർശക വിസയുടെ കാലാവധി മൂന്ന് മാസമായി ഉയർത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അസിസ്‌റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി അറിയിച്ചു.
നിലവിൽ ഒരുമാസമാണ് കുടുംബ സന്ദർശക വിസകളുടെ കാലാവധി. ഒരുവർഷത്തിന് മുകളിലായി നിർത്തിവെച്ചിരുന്ന സന്ദർശക വിസ കഴിഞ്ഞ മാർച്ച് മാസമാണ് നൽകി തുടങ്ങിയത്. നേരത്തെ, മൂന്ന് മാസത്തെ കാലാവധി മാർച്ച് മുതലാണ് ഒരുമാസമാക്കി കുറച്ചിരുന്നത്. ഇതാണ് ഇപ്പോൾ മൂന്ന് മാസമാക്കി ഉയർത്തിയിരിക്കുന്നത്.
മാർച്ച് മുതൽ കുടുംബ സന്ദർശക വിസകൾ അനുവദിച്ചതിൽ ഒരു നിയമലംഘനം പോലും ഉണ്ടായിട്ടില്ലെന്നും സെക്രട്ടറി നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇതിന് പ്രധാന കാരണം, സ്‌പോൺസർക്കെതിരെയും നിയമനടപടി സ്വീകരിച്ചുകൊണ്ടുള്ള സർക്കാർ നിലപാടാണ്. അനധികൃതമായി വിസാ കച്ചവടത്തിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതും പുതിയ നിയമത്തിൽ വ്യവസ്‌ഥ ചെയ്‌തിട്ടുണ്ട്.
മൂന്ന് മുതൽ അഞ്ചുവർഷം വരെ തടവ് ശിക്ഷയും അല്ലെങ്കിൽ 5000 ദിനാർ മുതൽ 10,000 ദിനാർ പിഴയും നിഷ്‌കർഷിച്ചിട്ടുണ്ട്. റസിഡൻസി കാലാവധി ഉണ്ടെങ്കിൽ കൂടി നിയമലംഘനം കണ്ടെത്തിയാൽ വിദേശികൾക്കെതിരെ നാടുകടത്തൽ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ഗാർഹിക തൊഴിലാളികൾക്ക് വിസ ക്യാൻസൽ ചെയ്‌ത് നാട്ടിൽ പോയി നാല് മാസത്തിനകം പുതിയ വിസയിൽ രാജ്യത്ത് വരാം. നേരത്തെ ഇതിന് ആറ് മാസമായിരുന്നു അനുവദിച്ചിരുന്നത്.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു