തിരുവനന്തപുരം: നടനും സംവിധായകനുമായ പ്രതാപ് പോത്തന് ആദരാഞ്ജലികൾ അർപ്പിച്ചു സിനിമാ ലോകം. പ്രതാപ് പോത്തന്റെ സംസ്കാരം രാവിലെ പത്ത് മണിക്ക് ചെന്നൈ ന്യൂ ആവഡിയിൽ നടക്കും. നടുക്കത്തോടെയാണ് ഇദ്ദേഹത്തിന്റെ വിയോഗം സിനിമാ ലോകവും കേരളവും കേട്ടറിഞ്ഞത്. ചെന്നൈയിലുള്ള ഫ്ളാറ്റിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നാനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനാണ് പ്രതാപ് പോത്തൻ. 1978ൽ പുറത്തിറങ്ങിയ ഭരതൻ സംവിധാനം ചെയ്ത ആരവം എന്ന ചിത്രത്തിലൂടെയാണ് പ്രതാപ് പോത്തൻ വെള്ളിത്തിരയിലേക്ക് കടന്നു വന്നത്. തുടർന്ന് 80കളിൽ മലയാളം, തമിഴ് സിനിമകളിൽ പ്രതാപ് ഒരു തരംഗമായി മാറിയിരുന്നു.
പിന്നീട് തകര എന്ന ചിത്രത്തിൽ വേഷമിട്ട പ്രതാപ് മലയാളത്തിൽ ചുവടുറപ്പിക്കുകയായിരുന്നു. ചാമരം, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങി നിരവധി ചിത്രങ്ങളിലാണ് പ്രതാപ് ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചത്.
ഒപ്പം തന്നെ ഒരു യാത്രാമൊഴി, ഡെയ്സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകൾ പ്രതാപ് പോത്തൻ സംവിധാനം ചെയ്തു. കൂടാതെ സൊല്ല തുടിക്കിത് മനസ് എന്ന ചിത്രത്തിന് പ്രതാപ് തിരക്കഥ ഒരുക്കുകയും ചെയ്തു. മോഹൻലാലിന്റെ ബറോസാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
Most Read: ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ ഡാമിലെ സ്പിൽവേ ഷട്ടർ തുറന്നേക്കും- ജാഗ്രത





































