സഖാവ് ജനഹൃദയങ്ങളിൽ; ദർബാർ ഹാളിൽ പൊതുദർശനം, സംസ്‌കാരം നാളെ

ഉച്ചയ്‌ക്ക് ശേഷം ദേശീയപാത വഴി വിലാപയാത്രയായി വിഎസിന്റെ ഭൗതികദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും.

By Senior Reporter, Malabar News
VS Achudanandan 

തിരുവനന്തപുരം: നേതാവിന് യാത്രയേകാൻ പ്രിയ സഖാക്കളും കുടുംബവും. ആ ജീവിതം പകർന്ന അനുഭവങ്ങളുടെ ഊർജം ഏറ്റുവാങ്ങി ജനസഞ്ചയം കടലിരമ്പംപോലെ മുദ്രാവാക്യം വിളിക്കുന്നു. തിരയടങ്ങി ശാന്തമായി കിടക്കുകയാണ് പ്രിയപ്പെട്ട സഖാവ് വിഎസ്. ദർബാർ ഹാളിൽ പൊതുദർശനം തുടങ്ങി. മുഖ്യമന്ത്രി ഹാളിലെത്തി പൊതുദർശനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി.

ഉച്ചയ്‌ക്ക് ശേഷം ദേശീയപാത വഴി വിലാപയാത്രയായി വിഎസിന്റെ ഭൗതികദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. രാത്രിയോടെ ആലപ്പുഴ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ഒമ്പത് മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പത്തുമുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം.

ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. പിന്നെ വിഎസ് ജനമനസുകളിൽ മായാത്ത ഓർമ. ഇന്നലെ വൈകിട്ട് 3.20നായിരുന്നു വിഎസിന്റെ അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ആശുപത്രിയിൽ ഉണ്ടായിരുന്നു. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ജൂൺ 23ന് തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ആശുപത്രിയിൽ നിന്ന് രാത്രി 7.15ഓടെ വിഎസിന്റെ ഭൗതികശരീരം എകെജി പഠന കേന്ദ്രത്തിൽ എത്തിച്ചിരുന്നു. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി ജനസാഗരമാണ് എകെജി പഠന കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്. എകെജി കേന്ദ്രത്തിലെ പൊതുദർശനത്തിന് ശേഷം രാത്രിയോടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോയി.

ഇന്ന് സംസ്‌ഥാനത്ത്‌ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും പൊതുമേഖലാ സ്‌ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. ഇന്ന് മുതൽ മൂന്ന് ദിവസം സംസ്‌ഥാനത്ത്‌ ഔദ്യോഗിക ദുഃഖാചരണവുമുണ്ടാകും. 2006 മുതൽ 2011 വരെ സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 2016ൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി. പിന്നാലെ വിശ്രമ ജീവിതത്തിൽ ആയിരുന്നു.

Most Read| പാക്കിസ്‌ഥാനിൽ രാഷ്‌ട്രീയ അട്ടിമറി? പ്രസിഡണ്ട് സ്‌ഥാനത്തേക്ക്‌ അസിം മുനീർ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE