തിരുവനന്തപുരം: ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി വിഎസ് അച്യുതാനന്ദൻ ജൻമ നാടായ ആലപ്പുഴയിലേക്ക്. ഉച്ചയ്‌ക്ക് രണ്ടരയോടെ ദർബാർ ഹാളിൽ നിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര ആറുമണിക്കൂർ പിന്നിടുമ്പോഴും തിരുവനന്തപുരം വിട്ടിട്ടില്ല. ആയിരക്കണക്കിന് പേരാണ് പ്രിയനേതാവിനെ അവസാനമായി കാണാൻ വഴിയരികുകളിലും കവലകളിലും കാത്തുനിൽക്കുന്നത്.
കഴക്കൂട്ടത്ത് വൻ ജനക്കൂട്ടമാണ് വിഎസിന് അന്ത്യാഞ്‌ജലി അർപ്പിക്കാനെത്തിയത്. മുദ്രാവാക്യം വിളികളുമായി പ്രവർത്തകരും ഒത്തുകൂടി. ആൾത്തിരക്ക് മൂലം വിലാപയാത്ര കരുതിയതിലും ഏറെ വൈകിയാണ് മുന്നോട്ട് പോകുന്നത്. പലയിടത്തും വികാരഭരിതമായ രംഗങ്ങളുണ്ടായി. വയോധികരും സ്‌ത്രീകളും കുട്ടികളുമടക്കം വിതുമ്പലോടെയാണ് പ്രിയ സഖാവിന് യാത്രാമൊഴിയേകിയത്.
ദർബാർ ഹാളിൽ നിന്ന് ആദ്യ പോയിന്റായ പാളയത്തേക്ക് എത്താൻ എടുത്തത് അരമണിക്കൂറാണ്. സെക്രട്ടറിയേറ്റ് പരിസരം കടക്കാനും അരമണിക്കൂർ എടുത്തു. 14 വർഷം മുൻപ് ഭരണത്തിലിരുന്ന സെക്രട്ടറിയേറ്റ് ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം രണ്ടുമണിക്കാണ് വിലാപയാത്രയ്‌ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയത്.
പോലീസിന്റെ ഔദ്യോഗിക ബഹുമതികൾ സ്വീകരിച്ച ശേഷം മൃതദേഹം മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയ്‌ക്കായി പ്രത്യേകം സജ്‌ജീകരിച്ച വാഹനത്തിലേക്ക് ആനയിച്ചു. സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ, മന്ത്രിമാരായ പി. പ്രസാദ്, പി രാജീവ്, വിഎസിന്റെ മകൻ അരുൺ കുമാർ തുടങ്ങിയവർ വാഹനത്തിലുണ്ട്.
ഇന്ന് രാവിലെ ഒമ്പത് മണിക്ക് ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിൽ നിന്ന് വിലാപയാത്രയായാണ് ഭൗതികദേഹം സെക്രട്ടറിയേറ്റിൽ എത്തിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും അന്തിമോപചാരം അർപ്പിച്ചു. വിഎസിനെ അവസാനമായി ഒരുനോക്ക് കാണാൻ ജനക്കൂട്ടമാണ് സെക്രട്ടറിയേറ്റിലേക്ക് ഒഴുകിയെത്തിയത്.
ഇന്ന് രാത്രി ഒമ്പതിന് പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കാനാണ് നിശ്‌ചയിച്ചിരുന്നതെങ്കിലും മണിക്കൂറുകൾ വൈകിയേക്കും. നാളെ രാവിലെ ഒമ്പത് മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പത്തുമുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. ഉച്ചകഴിഞ്ഞു മൂന്നിന് വലിയ ചൂടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.
വിഎസിനോടുള്ള ആദരസൂചകമായി സർക്കാർ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും നാളെയും അവധി പ്രഖ്യാപിച്ചു.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!