തിരുവനന്തപുരം: വിപ്ളവ സൂര്യന് വിടചൊല്ലി തലസ്‌ഥാനം. സെക്രട്ടറിയേറ്റ് ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം വിഎസ് ഇനി ജൻമ നാടായ ആലപ്പുഴയിലേക്ക്. പോലീസ് ഔദ്യോഗിക ബഹുമതികൾ നൽകി. വിഎസിന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു. കെഎസ്ആർടിസിയുടെ പ്രത്യേക ബസിലാണ് വിലാപയാത്ര.
കുടുംബത്തോടൊപ്പം സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനും മന്ത്രിമാരും അനുഗമിക്കും. വിഎസിന്റെ വിലാപയാത്ര കടന്നുപോകുന്ന സ്‌ഥലങ്ങളിൽ നിരവധി പേരാണ് അദ്ദേഹത്തെ കാണാനായി കാത്തുനിൽക്കുന്നത്. ജനപ്രതിനിധികളും വിലാപയാത്രയുടെ ഭാഗമാകും. ഇന്ന് രാവിലെ ഒമ്പത് മണിക്ക് ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിൽ നിന്ന് വിലാപയാത്രയായാണ് ഭൗതികദേഹം സെക്രട്ടറിയേറ്റിൽ എത്തിച്ചത്.
മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും അന്തിമോപചാരം അർപ്പിച്ചു. വിഎസിനെ അവസാനമായി ഒരുനോക്ക് കാണാൻ ജനക്കൂട്ടം സെക്രട്ടറിയേറ്റിലേക്ക് ഒഴുകിയെത്തി. ദേശീയപാതയിലൂടെ കൊല്ലം വഴിയാണ് വിലാപയാത്ര കടന്നുപോകുക. വിവിധ സ്‌ഥലങ്ങളിൽ പൊതു ദർശനമുണ്ട്. ഇന്ന് രാത്രി ഒമ്പതോടെ വിഎസിന്റെ ഭൗതികദേഹം പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും.
നാളെ രാവിലെ ഒമ്പത് മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പത്തുമുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. ഉച്ചകഴിഞ്ഞു മൂന്നിന് വലിയ ചൂടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും. വിഎസിനോടുള്ള ആദരസൂചകമായി സർക്കാർ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും നാളെയും അവധി പ്രഖ്യാപിച്ചു.
Most Read| ധൻകറിന്റെ അപ്രതീക്ഷിത രാജി; പിന്നിൽ രാഷ്‌ട്രീയ നീക്കമോ? ആരാകും അടുത്ത ഉപരാഷ്‌ട്രപതി?