കോഴിക്കോട്: കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു. ആനയാംകുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. വാഴത്തോട്ടത്തിൽ പോയി വരുമ്പോഴാണ് പൊള്ളലേറ്റത്. കഴുത്തിലാണ് പൊള്ളലേറ്റ ഇയാൾ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി.
അതേസമയം, സംസ്‌ഥാനത്ത് ഉയർന്ന താപനിലാ മുന്നറിയിപ്പ് തുടരുകയാണ്. എല്ലാ ജില്ലകളിലും സാധാരണയെക്കാൾ രണ്ടുമുതൽ മൂന്ന് ഡിഗ്രിവരെ താപനില ഉയരാം. പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത.
മലപ്പുറം, എറണാകുളം ജില്ലകളിൽ 37 ഡിഗ്രി വരെയും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ 35 ഡിഗ്രി വരെയും ഇടുക്കിയിൽ 32 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത, സൂര്യാതപ സാധ്യത കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണം. അതേസമയം, തെക്കൻ, മധ്യ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് വേനൽമഴയ്‌ക്കും സാധ്യതയുണ്ട്.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ