കൊച്ചി: ലഹരി വിമുക്‌ത സന്ദേശമുയർത്തി ഫെഫ്‌ക പിആർഒ യൂണിയൻ സംഘടിപ്പിക്കുന്ന ഹ്രസ്വചിത്ര മൽസരത്തിൽ 14 വയസിന് മുകളിലേക്കുള്ളവർക്ക് പങ്കെടുക്കാം. മലയാള ചലച്ചിത്ര മേഖലയിലെ പിആർഒമാരുടെ കൂട്ടായ്‌മയായ ഫെഫ്‌ക പിആർഒ യൂണിയൻ നടത്തുന്ന ഹ്രസ്വചിത്ര മൽസരത്തിലേക്കുള്ള എൻട്രികൾ ഏപ്രിൽ 10ന് മുൻപ് യൂണിയന്റെ [email protected] എന്ന ഇമെയിൽ വിലാസത്തിൽ ലഭിക്കണം.
ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മൽസരത്തിന്റെ വിഷയം ‘ജീവിതം തന്നെ ലഹരി’എന്നതാണ്. ‘ലഹരിയോട് NO പറയുക’ എന്ന സന്ദേശം ഉൾക്കൊള്ളുന്ന, പരമാവധി 2 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് മൽസരത്തിന് പരിഗണിക്കുക. ശബ്‌ദവും ചിത്രവും വ്യക്‌തത ഉള്ളതായിരിക്കണം.
സൃഷ്‌ടികൾ അയക്കുന്നവർ പേരും മേൽവിലാസവും, മൊബൈൽ നമ്പരും ഇമെയിലിൽ രേഖപ്പെടുത്തണം. ജഡ്‌ജിങ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രങ്ങൾക്ക് പ്രശസ്‌തി പത്രവും, മറ്റ് സമ്മാനങ്ങളും ലഭിക്കും. മൽസരത്തിൽ പങ്കെടുത്ത് മികവ് പുലർത്തിയവർക്ക് പ്രോൽസാഹന സമ്മാനങ്ങളും നൽകും.

തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ യൂണിയന്റെ സാമൂഹിക മാദ്ധ്യമങ്ങളിൽ സംപ്രേഷണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിൽ ഫെഫ്‌ക പിആർഒ യൂണിയന്റെ തീരുമാനം അന്തിമമായിരിക്കും. മൽസരത്തിന് സമർപ്പിക്കപ്പെടുന്ന ഹ്രസ്വചിത്രങ്ങൾ മറ്റെവിടെയെങ്കിലും പ്രദർശിപ്പിച്ചതോ കോപ്പിറൈറ്റ് ഉള്ളതോ ആയിരിക്കാൻ പാടുള്ളതല്ല. കൂടുതൽ വിവരങ്ങൾക്ക്: 99953 24441, 98479 17661 എന്നീ നമ്പറുകളിൽ ബന്ധപെടുക.
MOST READ | ബ്‌ളാക്‌മെയിലിങ് ജേർണലിസം: കോംഇന്ത്യയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു