തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞു കിടക്കുന്ന സിനിമാ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്ത് സമര്‍പ്പിച്ചു. സംസ്ഥാനത്തെ ബാറുകള്‍ ഉള്‍പ്പടെ തുറന്ന സാഹചര്യത്തില്‍ സിനിമാ തീയറ്ററുകള്‍ തുറക്കാനുള്ള അനുമതിയും നല്‍കണമെന്നാണ് ഫിലിം ചേംബര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം തന്നെ നിലവിലെ സാഹചര്യം പരിഗണിച്ച് വിനോദ നികുതിയും വൈദ്യുതി ഫിക്സഡ് ചാര്‍ജും ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ മാര്‍ച്ച് 10ആം തീയതിയാണ് തീയറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. അതിനുശേഷം കഴിഞ്ഞ ഒക്ടോബർ 15ആം തീയതി മുതല്‍ തീയറ്ററുകള്‍ക്ക് തുറക്കാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കിയെങ്കിലും സംസ്ഥാനത്ത് നിലവിലെ സാഹചര്യം പരിഗണിച്ച് തീയറ്ററുകള്‍ തുറക്കുന്നതില്‍ കാലതാമസം ഉണ്ടാകുകയാണ്. സിനിമാ വ്യവസായം തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സഹായമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കത്തില്‍ വ്യക്തമാക്കുന്നത്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജിഎസ്ടിക്ക് പുറമേ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിനോദ നികുതിയും തീയറ്റര്‍ അടഞ്ഞു കിടന്ന കാലത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജും ഒഴിവാക്കണമെന്നും, തീയറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് സബ്സിഡി അനുവദിക്കണമെന്നും ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്. തീയറ്ററുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിലും തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതിലൂടെയും, ഉപകരണങ്ങള്‍ പരിപാലിക്കുന്നതിലൂടെയും തീയറ്റര്‍ ഉടമകള്‍ക്ക് വലിയൊരു തുക ചിലവാകുന്നുണ്ട്. നിലവിലെ സാഹചര്യം മറികടക്കുന്നതിനായി ടൂറിസം മേഖലയില്‍ അനുവദിച്ചത് പോലെയുള്ള പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ഫിലിം ചേംബര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read also : ശോഭക്കെതിരെ കടുത്ത നിലപാടുമായി മുരളീധര വിഭാഗം; മുന്നറിയിപ്പുമായി കേന്ദ്ര നേതൃത്വം







































