കീവ്: യുക്രൈനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ബുക്കാറെസ്‌റ്റിൽ നിന്ന് പുറപ്പെട്ടു. ആദ്യ വിമാനത്തില്‍ 219 യാത്രക്കാരാണ് ഉള്ളത്. ഇതിൽ 19 പേർ മലയാളികളാണ്. വിമാനം രാത്രി 9.30ന് മുംബൈയിലെത്തും. അടുത്ത വിമാനത്തില്‍ 17 മലയാളികള്‍ ഡെൽഹിയിലെത്തും. സംഘത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം യുക്രൈനിൽ കുടുങ്ങിയ മറ്റുള്ളവരും ഉണ്ട്.
യുക്രൈനിൽ നിന്നെത്തുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ പ്രത്യേക സൗകര്യം ഒരുക്കും. വാക്‌സിൻ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് സൗജന്യ കോവിഡ് പരിശോധന നടത്തും. വിവരങ്ങള്‍ തല്‍സമയം അറിയിക്കാന്‍ വാട്‍സ്ആപ്പ് ഗ്രൂപ്പ് തയ്യാറാക്കി. നിലവില്‍ ഏകദേശം 16,000ത്തോളം ഇന്ത്യക്കാര്‍ യുക്രൈനില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍. ഇതില്‍ 2,300ഓളം പേര്‍ മലയാളികളാണ് എന്നാണ് വിവരം.
യുക്രെയിനിൽ നിന്നും കേന്ദ്ര സർക്കാരിന്റെ ദൗത്യ വിമാനങ്ങളിൽ ഡെൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്‌ഥാന സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിമാനത്താവളത്തിൽ എത്തുന്ന വിദ്യാർഥികളെ സ്വീകരിച്ച് നാട്ടിലേക്കുള്ള യാത്ര സുഗമമാക്കാൻ വേണ്ട നടപടികൾ റെസിഡന്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്‌ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കളക്‌ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Most Read: യുപിയിൽ ബിജെപി 300ലധികം സീറ്റുകൾ നേടും; അമിത് ഷാ