തിരുവനന്തപുരം : സംസ്‌ഥാനത്ത് നാളെ നടക്കാന്‍ പോകുന്ന ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് സാമഗ്രികളുടെ വിതരണം ഓരോ കേന്ദ്രങ്ങളിലും പുരോഗമിക്കുകയാണ്. ഇതിനിടയില്‍ ചില കേന്ദ്രങ്ങളില്‍ പോളിംഗ് സാമഗ്രികളുടെ വിതരണത്തിനിടെ തിക്കും തിരക്കും ഉണ്ടായി. തുടര്‍ന്ന് പോലീസ് എത്തി പ്രശ്‌നം പരിഹരിച്ചു.
നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിലാണ് പോളിംഗ് സാമഗ്രികള്‍ കൈപ്പറ്റാനെത്തിയ ഉദ്യോഗസ്‌ഥര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നത്. സാമൂഹിക അകലം പാലിക്കാതെ തിക്കും തിരക്കും കൂട്ടിയത് വാര്‍ത്തായതോടെയാണ് സംഭവ സ്‌ഥലത്ത് പോലീസ് എത്തി പ്രശ്‌നം പരിഹരിച്ചത്. ഡിസിപി ദിവ്യാ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേന്ദ്രത്തില്‍ എത്തി പ്രശ്‌ന പരിഹാരം നടത്തിയത്.
സംസ്‌ഥാനത്ത് നാളെ ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 5 ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുക. ഇവിടങ്ങളില്‍ പരസ്യ പ്രചാരണം ഇന്നലെ വൈകുന്നേരം 6 മണിയോടെ അവസാനിച്ചു. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാനായി കൊട്ടിക്കലാശവും മറ്റും നടത്തുന്നതിന് ഇത്തവണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
Read also : ആ ഉന്നതന്‍ ആരെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണം; രമേശ് ചെന്നിത്തല







































