കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങുകയാണ് കൊല്ലം അരിപ്പ സമരഭൂമിയിലെ 600ഓളം കുടുംബങ്ങൾ. ‘ആദ്യം ഭൂമി, അതിന് ശേഷം വോട്ട്’ എന്ന മുദ്രാവാക്യവുമായാണ് സമരഭൂമിയിലെ ആദിവാസികൾ രംഗത്തെത്തിയിരിക്കുന്നത്.
താമസിക്കാൻ ഒരു തുണ്ട് ഭൂമിക്കായി അരിപ്പയിലെ നിവാസികൾ സമരം തുടങ്ങിയിട്ട് 9 വർഷം പിന്നിടുന്നു. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും സൗകര്യമില്ലാതെ പ്ളാസ്റ്റിക് ഷെഡുകളിലാണ് ഇവരുടെ താമസം. കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യം പോലും സർക്കാർ നൽകിയിരുന്നില്ല. സമരഭൂമിയിലെ ആളുകളുടെ പരിശ്രമത്തിന്റെ ഫലമായി സോളാർ സഹായത്തോടെയാണ് കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കിയത്. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ് തിരഞ്ഞെടുപ്പ് പ്രചാരണം.
ചതുപ്പുനിലയം കൃഷി യോഗ്യമാക്കി നെൽകൃഷി ചെയ്തതും സർക്കാർ തടഞ്ഞിരുന്നു. ഇടതു-വലത് മുന്നണികൾ അധികാരത്തിൽ വന്നിട്ടും തങ്ങളുടെ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെന്ന് പ്രതിഷേധകർ പറയുന്നു. 1500ലധികം വോട്ടർമാരാണ് അരിപ്പയിലുള്ളത്. ഇവരുടെ പ്രതിഷേധം ഈ മേഖലയിലെ പോളിങ് ശതമാനത്തെ സാരമായ രീതിയിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
2009ല്‍ പ്രഖ്യാപിച്ച ചെങ്ങറ ഭൂസമര പരിഹാര പാക്കേജില്‍ ഉള്‍പ്പെടാത്തവരും വാസയോഗ്യമല്ലാത്തതും കൃഷി യോഗ്യമല്ലാത്തതുമായ ഭൂമി ലഭിച്ചവരും സംയുക്തമായിട്ടാണ് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ അരിപ്പയില്‍ ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ ഭൂസമരം നടത്തുന്നത്. തങ്ങള്‍കുഞ്ഞ് മുസ്ലിയാര് എന്നയാളില്‍ നിന്നും കുത്തകപ്പാട്ടം റദ്ദാക്കി സര്‍ക്കാര്‍ ഏറ്റെടുത്ത റവന്യൂ ഭൂമിയില്‍ കുടില്‍ കെട്ടിയാണ് സമരം നടത്തി വരുന്നത്.






































