സംസ്‌ഥാനത്തെ ആദ്യ ഗോത്ര ഗ്രാമം പദ്ധതി വയനാട്ടില്‍; 108 വീടുകള്‍ ഒരുങ്ങുന്നു

By Desk Reporter, Malabar News
first tribal village project in Wayanad
Representational Image
Ajwa Travels

വയനാട്: സംസ്‌ഥാനത്തെ ആദ്യ ഗോത്ര ഗ്രാമം വയനാട്ടില്‍ ഒരുങ്ങുന്നു. ആദ്യഘട്ടത്തിലുള്ള 108 വീടുകളുടെ നിര്‍മാണപ്രവൃത്തികള്‍ തൃക്കൈപ്പറ്റ പരൂര്‍ക്കുന്നില്‍ പുരോഗമിക്കുകയാണ്. ഇതില്‍ 10 വീടുകളുടെ പണി അന്തിമ ഘട്ടത്തിലുമാണ്. കാരാപ്പുഴയോട് ചേര്‍ന്ന് കിടക്കുന്ന 23 ഏക്കര്‍ നിക്ഷിപ്‌ത വനഭൂമിയാണ് ഗോത്ര ഗ്രാമത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായി 230 ആദിവാസി കുടുംബങ്ങള്‍ക്ക് വീടുവച്ചു നല്‍കുന്നതാണ് പദ്ധതി. ആറ് ലക്ഷം രൂപ ചിലവില്‍ 510 ചതുരശ്രയടി വിസ്‌തീർണമുള്ള വീടാണ് പണിയുന്നത്. ഓരോ കുടുംബങ്ങള്‍ക്കും 10 സെന്റ് സ്‌ഥലമാണ് അനുവദിച്ചിട്ടുള്ളത്. ആദിവാസി വികസന-പുനരധിവാസ പദ്ധതിക്ക് കീഴിലാണ് ഗോത്ര ഗ്രാമത്തിന്റെ പ്രവൃത്തികള്‍ക്കുള്ള തുക കണ്ടെത്തിയിരിക്കുന്നത്.

ഹാള്‍, സിറ്റൗട്ട്, അടുക്കള, രണ്ട് കിടപ്പുമുറി, ശുചിമുറി എന്നീ സൗകര്യങ്ങളോടെ പത്ത് വീടുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. കാരാപ്പുഴയോട് ചേർന്ന സ്‌ഥലങ്ങളായതിനാല്‍ മലിനീകരണ പ്രശ്‌നങ്ങള്‍ മുന്നില്‍ക്കണ്ട് റെഡിമെയ്‌ഡ്‌ സെപ്റ്റിക് ടാങ്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിനാണ് നിര്‍മാണച്ചുമതല.

കഴിഞ്ഞ നവംബറിലാണ് വീടുകളുടെ നിര്‍മാണ പ്രവൃത്തികൾ ആരംഭിച്ചത്. പണിയ, കാട്ടുനായ്‌ക്ക കുടുംബങ്ങള്‍ക്കാണ് വീട് അനുവദിച്ചിരിക്കുന്നത്. ആദിവാസി വിഭാഗങ്ങളില്‍ തന്നെ തീര്‍ത്തും പിന്നാക്കം നില്‍ക്കുന്ന ഭൂരഹിതരുടെ പട്ടികയില്‍നിന്ന് നറുക്കെടുത്താണ് ഗുണഭോക്‌താക്കളെ കണ്ടെത്തിയതെന്ന് ട്രൈബല്‍ ഓഫിസർ ജംഷീദ് പറഞ്ഞു.

വീടുകളെല്ലാം പൂര്‍ത്തിയാകുന്നതോടെ പദ്ധതി പ്രദേശത്ത് മികച്ച രീതിയില്‍ അടിസ്‌ഥാന സൗകര്യങ്ങളൊരുക്കാനും പദ്ധതിയുണ്ട്. വൈദ്യുതിക്ക് പുറമെ കുടിവെള്ള സ്രോതസുകള്‍ ഗ്രാമത്തില്‍ തന്നെ ഒരുക്കും. എല്ലാ വീടുകളിലേക്കും വാഹനങ്ങളെത്തുന്ന രീതിയില്‍ റോഡുകള്‍ സജ്‌ജമാക്കും. ഒരേക്കര്‍ കളിസ്‌ഥലം, ചികിൽസാ സൗകര്യാര്‍ഥം ഹെല്‍ത്ത് സബ്‌സെന്റര്‍, കമ്യൂണിറ്റി ഹാള്‍ എന്നിവക്കും ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം ഉറപ്പാക്കാന്‍ സ്വയംതൊഴില്‍ പദ്ധതികള്‍, അടുക്കളത്തോട്ടങ്ങള്‍ പ്രോൽസാഹിപ്പിക്കല്‍ തുടങ്ങിയ പദ്ധതികളും വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു. 10 വീടുകളുടെ നിര്‍മാണം മാര്‍ച്ച് മാസത്തോടെ തീര്‍ക്കും. ഇവയുടെ താക്കോല്‍ കൈമാറ്റം മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും നിര്‍വഹിക്കുക.

Most Read:  മാവോയിസ്‌റ്റ് ദീപക്കിനെ ആനവായിലെത്തിച്ച് തെളിവെടുപ്പ് നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE