പത്തനംതിട്ട: സംസ്ഥാനത്ത് ശക്തമായ മഴ നാശം വിതക്കുമ്പോൾ രക്ഷാപ്രവർത്തനത്തിന്റെ ചുക്കാൻ പിടിക്കാൻ മൽസ്യ തൊഴിലാളികളും എത്തി. മഴ നാശം വിതച്ച പത്തനംതിട്ടയിൽ കൊല്ലത്തു നിന്നുള്ള മൽസ്യ തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.
ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് ഏഴ് വള്ളങ്ങളിലായി പുറപ്പെട്ട സംഘം പുലർച്ചെ അഞ്ച് മണിയോടെ പത്തനംതിട്ടയിൽ എത്തി. മഴക്കെടുതി രൂക്ഷമായ ആറൻമുള, പന്തളം, റാന്നി പ്രദേശങ്ങളിലാണ് മൽസ്യ തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തുക.
അതേസമയം, പത്തനംതിട്ടയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച വരെ ശബരിമലയിലേക്ക് തീർഥാടകർക്ക് പ്രവേശനം വിലക്കി. നിലക്കലിൽ എത്തിയവരെ തിരിച്ചയക്കുകയാണ്. ഇവർക്കായി ഇടത്താവള സൗകര്യം ഒരുക്കിയിട്ടുണ്ട്.
തുലാമാസ പൂജകൾക്കായി ഇന്നലെയാണ് ശബരിമല തുറന്നത്. മഴ തുടരുന്നതിനാൽ ശബരിമല ഉള്‍പ്പെടുന്ന വനമേഖലകളില്‍ അപകട സാധ്യത ഏറെയാണ്. ഇത് കണക്കിലെടുത്താണ് തീര്‍ഥാടകര്‍ക്ക് നിയന്ത്രണം കൊണ്ടുവന്നത്.
നിലവില്‍ പമ്പാ നദി ചിലയിടങ്ങളില്‍ കരകവിഞ്ഞൊഴുകി തുടങ്ങിയിട്ടുണ്ട്. നദികളില്‍ ഉയരുന്ന ജല നിരപ്പിന്റെ കൂടി സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് രണ്ടു ദിവസത്തെ നിരോധനം. വൃഷ്ടി പ്രദേശത്ത് മഴയുടെ തീവ്രത ഉയര്‍ന്നിട്ടുമുണ്ട്.
Most Read: എറണാകുളം ജില്ലയില്‍ മഴ കുറഞ്ഞു; ആശങ്ക ഒഴിയുന്നു