പാലക്കാട്: കല്ലടിക്കോട് അഞ്ചുപേർ മരിക്കാനിടയായ കാർ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട കാർ അമിത വേഗത്തിൽ ആയിരുന്നെന്ന് പോലീസ് അറിയിച്ചു. കാറിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയെന്നും യാത്രക്കാർ മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും കല്ലടിക്കോട് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പോലീസ് പരിശോധിക്കുന്നുണ്ട്. തെറ്റായ ദിശയിലെത്തിയ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നും അമിത വേഗതയാണ് അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനമെന്നും കല്ലടിക്കോട് സിഐ എം ഷഹീർ പറഞ്ഞു. അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
പാലക്കാട്-കോഴിക്കോട് ദേകാർ ശീയപാതയിലെ കല്ലടിക്കോട് അയ്യപ്പൻകാവിന് സമീപം ഇന്നലെ രാത്രി 11 മണിക്കാണ് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നെത്തിയ കാർ എതിരേവന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയുടെ അടിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.
കോങ്ങാട് സ്വദേശികളായ വിജേഷ്, മുഹമ്മദ് അഫ്‌സൽ, വീണ്ടപ്പാറ സ്വദേശി രമേശ്, വെള്ളയന്തോട് സ്വദേശി വിഷ്‌ണു, തച്ചമ്പാറ സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്. ഇവർ അഞ്ചുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. മൂന്നുപേർ തൽക്ഷണം മരിച്ചു. രണ്ടുപേരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തിൽ ചികിൽസയിലിരിക്കെ മരിച്ചു.
ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഓടിക്കൂടിയ നാട്ടുകാരും പോലീസും അഗ്‌നിരക്ഷാ സേനയും ഹൈവേ പോലീസും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരുമണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. അതേസമയം, വാഹനാപകടത്തിന്റെ പശ്‌ചാത്തലത്തിൽ യുഡിഎഫും എൽഡിഎഫും ഇന്ന് പാലക്കാട് നടത്താനിരുന്ന തിരഞ്ഞെടുപ്പ് പരിപാടികൾ ഉച്ചവരെ റദ്ദാക്കി.
Most Read| ബിഎസ്എൻഎല്ലിൽ നിന്ന് ഇന്ത്യയെ വെട്ടി, ഇനി കണക്‌ടിങ് ഭാരത്; നിറവും മാറ്റി