തിരുവനന്തപുരം: കോവളം ബീച്ചിൽ വിദേശ വനിതകളുടെ മൊബൈൽ ഫോണും ബാഗും കവർന്ന സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. വിഴിഞ്ഞം ആമ്പൽക്കുളം സ്വദേശി സെയ്ദലിയെ കഴിഞ്ഞ ദിവസമാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്.
ബീച്ചിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കോവളത്ത് സ്ഥിര താമസമാക്കിയ രണ്ട് വിദേശ വനിതകളുടെ പണമടങ്ങിയ ബാഗും മൊബൈൽ ഫോണുമാണ് സെയ്ദലി കവർന്നത്. ഇവർ പതിവായി ബീച്ചിലെത്തി തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാറുണ്ടായിരുന്നു. ഈ സമയത്താണ് സെയ്ദലി ബാഗും ഫോണും തട്ടിയെടുത്ത് കടന്നു കളഞ്ഞത്.
ഒരാളുടെ ബാഗ് ബീച്ചിലെ നടപ്പാതയിൽ വെച്ചും രണ്ടാമത്തേത് ബീച്ചിന് പുറകിലേക്കുള്ള ഇടവഴിയിൽ വെച്ചുമാണ് കവർന്നത്. പ്രതി വിഴിഞ്ഞം ഹാർബർ പരിസരത്തുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സെയ്ദലിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Also Read: യാസ് ചുഴലിക്കാറ്റ്; 7 ട്രെയിൻ സർവീസുകൾ കേരളത്തിൽ റദ്ദാക്കി







































