വയനാട്: മേപ്പാടിയിൽ വയോധികനെ ചവിട്ടിക്കൊന്ന കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താനുള്ള ശ്രമം തുടർന്ന് വനംവകുപ്പ്. രണ്ട് കുങ്കിയാനകളുമായി വനംവകുപ്പ് ഉദ്യോഗസ്‌ഥർ വനത്തിനുള്ളിൽ തിരച്ചിൽ നടത്തുകയാണ്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് രണ്ട് സംഘമായി ഉദ്യോഗസ്‌ഥർ വനത്തിലേക്ക് പോയത്.
സെക്‌ഷൻ ഫോറസ്‌റ്റ് ഓഫീസറുടെ നേതൃത്വത്തിൽ ബയോളജിസ്‌റ്റ്, മൂന്ന് ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാർ, രണ്ട് വാച്ചർമാർ എന്നിവരുടെ സംഘം പൂളക്കുന്ന് കടൂർ ഭാഗങ്ങളിലാണ് ആനയെ നിരീക്ഷിക്കുന്നത്. മറ്റൊരു സംഘം പുഴമൂല ഭാഗത്തും ആനയെ നിരീക്ഷിക്കുന്നുണ്ട്. പൂളക്കുന്ന് ഭാഗത്ത് സ്‌ഥിരമായി ആനക്കൂട്ടമുണ്ട്. ഇതിൽ മൂന്ന് ആനകൾ പ്രശ്‌നക്കാരാണെന്നാണ് വിവരം.
അറുമുഖനെ കൊന്ന ആനയെ തിരിച്ചറിയാൻ സാധിച്ചില്ലെന്നാണ് വിവരം. ഈ ആനയെ ഉൾക്കാട്ടിലേക്ക് തുരത്താൻ സാധിച്ചില്ലെങ്കിൽ മയക്കുവെടിവെച്ച് പിടിക്കുന്നതുൾപ്പടെയുള്ള നടപടികൾ ആലോചിക്കുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്‌ച രാത്രി എട്ടരയോടെയാണ് മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഊരിലെ അറുമുഖനെ (67) കാട്ടാന ചവിട്ടിക്കൊന്നത്. മേപ്പാടി ഏലക്കടയിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുംവഴി ഊരിലേക്കുള്ള മൺപാതയിൽ വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു.
Most Read| റാണ കൊച്ചിയിൽ എത്തിയിരുന്നുവെന്ന് റിപ്പോർട്; സന്ദർശിച്ചവരുടെ വിലാസം കൈമാറി