വയനാട്: കെട്ടിട നിർമാണത്തിനായി വ്യാജ രേഖ നിർമിച്ച വില്ലേജ് അസിസ്‌റ്റന്റ് അറസ്‌റ്റിൽ. കുന്നത്തിടവക വില്ലേജ് ഓഫിസ് അസിസ്‌റ്റന്റ് ടി അശോകനെയാണ് വൈത്തിരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. കെട്ടിട നിർമാണത്തിനായി വൈത്തിരി പഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷയോടൊപ്പം വ്യാജ രേഖ നൽകിയെന്ന പരാതിയെ തുടർന്നാണ് അറസ്‌റ്റ്.
കഴിഞ്ഞ ജൂണിൽ കെട്ടിട നിർമാണത്തിനായി സമർപ്പിച്ച അപേക്ഷയോടൊപ്പം വ്യാജ കെഎൽആർ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചതായി കണ്ടെത്തി. കെട്ടിട നിർമാണ അനുമതിക്കുള്ള കെഎൽആർ സർട്ടിഫിക്കറ്റ് അടക്കമുള്ള അപേക്ഷ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയിരുന്നു. ഇതിൽ തഹിൽദാർ നൽകിയതായുള്ള കെഎൽആർ വ്യാജമായിരുന്നു.
സീലിന്റെ വലിപ്പവും തഹസിദാറുടെ ഒപ്പിലെ വ്യത്യാസവുമാണ് സർട്ടിഫിക്കറ്റ് വ്യാജമെന്ന സംശയത്തിന് ഇടയാക്കിയത്. ഇതിന് പിന്നാലെ സർട്ടിഫിക്കറ്റ് സൂക്ഷ്‌മ പരിശോധനക്ക് അയക്കുകയും വ്യാജമാണെന്ന് കണ്ടെത്തുകയും ആയിരുന്നു. തുടർന്ന് വൈത്തിരി പഞ്ചായത്ത് സെക്രട്ടറി, വൈത്തിരി താലൂക്ക് തഹസിദാർ എന്നിവർ പോലീസിൽ പരാതി നൽകുകയായിരുന്നു. അറസ്‌റ്റിലായ ടി അശോകൻ കോഴിക്കോട് ഉള്ളിയേരി സ്വദേശിയാണ്.
Most Read: 4 നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ