തിരുവനന്തപുരം: മുൻ ഡിജിപി സിബി മാത്യൂസിനെതിരെ മണ്ണന്തല പോലീസ് കേസെടുത്തു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്. സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
സിബി മാത്യൂസിന്റെ ‘നിർഭയം-ഒരു ഐപിഎസ് ഓഫീസറുടെ അനുഭവക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലാണ് അതിജീവിതയുടെ വിവരങ്ങൾ പരാമർശിച്ചിട്ടുള്ളത്. സിബി മാത്യൂസിനെതിരെ സൂര്യനെല്ലി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെജെ ജോഷ്വയാണ് ഐക്കോടതിയെ സമീപിച്ചത്.
പുസ്തകത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ നിന്നും അതിജീവിത ആരാണെന്ന് വ്യക്തമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ ബദറുദീൻ ഐപിസി 228എ പ്രകാരം സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. ഇക്കാര്യത്തിൽ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട് തള്ളിയ കോടതി, പ്രോസിക്യൂഷൻ നടപടിയിൽ നിന്ന് മുൻ ഉന്നത പോലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താനുള്ള ശ്രമമാണിതെന്ന് കോടതി കുറ്റപ്പെടുത്തി.
മണ്ണന്തല പോലീസിലും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്കും പരാതിക്കാരൻ ആദ്യം പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതി പരിശോധിക്കാൻ കോടതി പോലീസിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, കൂടുതൽ നടപടികൾ കേസിൽ ഉണ്ടാകാതെ വന്നതോടെ പരാതിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2017 മേയിലാണ് പുസ്തകം പുറത്തുവന്നത്. പരാതി നൽകിയത് 2019 ഒക്ടോബറിലും. 1996ൽ ആയിരുന്നു സൂര്യനെല്ലി കേസിന് ആസ്പദമായ സംഭവം നടന്നത്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ