ന്യൂഡെൽഹി: മുൻ വിദേശകാര്യ മന്ത്രി കെ നട്‌വർ സിങ് (93) അന്തരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മൻമോഹൻ സിങ് സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്നു. പാകിസ്‌ഥാനിൽ ഇന്ത്യൻ അംബാസിഡറായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
രാജീവ് ഗാന്ധി സർക്കാരിൽ സ്‌റ്റീൽ, മൈൻ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഇന്ത്യൻ ഫോറിൻ സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് രാഷ്‌ട്രീയത്തിലേക്ക് എത്തിയത്. 1973-77 കാലഘട്ടത്തിൽ യുകെയിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായിരുന്നു. 1977ൽ സാംബിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി. 1984ൽ പത്‌മഭൂഷൺ ബഹുമതി നൽകി രാജ്യം ആദരിച്ചിരുന്നു.
1931ൽ രാജസ്‌ഥാനിലെ ഭരത്പുരിലാണ് ജനനം. ഡെൽഹി സെന്റ് സ്‌റ്റീഫൻസ് കോളേജിലായിരുന്നു പഠനം. പിന്നീട് കേംബ്രിഡ്‌ജ് സർവകലാശാലയിൽ ഉപരിപഠനം നടത്തി. 1991ൽ സജീവ രാഷ്‌ട്രീയത്തിൽ നിന്ന് പിൻമാറി. 2002ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തതോടെ സജീവ രാഷ്‌ട്രീയത്തിലേക്ക് മടങ്ങിയെത്തി. 2008ൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു.
Most Read| ‘ഹിൻഡൻ ബർഗിന്റെ ആരോപണങ്ങൾ അടിസ്‌ഥാന രഹിതം’; നിഷേധിച്ച് മാധബി പുരി ബുച്ച്







































