കണ്ണൂർ: സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ മഴക്കുഴി കുഴിക്കവേയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഒരു കുടം ലഭിച്ചത്. അയ്യോ ബോംബെന്ന് കരുതി പേടിച്ചു വിറച്ചാണ് തൊഴിലുറപ്പ് സംഘം ആ കുടം എടുത്ത് വലിച്ചെറിഞ്ഞത്. ഒറ്റ ഏറിൽ പൊട്ടിയ കുടത്തിൽ നിന്ന് പുറത്തുവന്നതാവട്ടെ നിധിക്കൂമ്പാരവും. സംഭവം നടന്നത് കണ്ണൂരാണ്.
കണ്ണൂർ ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ. എൽപി സ്‌കൂളിനടുത്തുള്ള സ്വകാര്യ ഭൂമിയിൽ നിന്നാണ് നിധിശേഖരം കിട്ടിയത്. ചേലോറ സുലോചനയുടെ നേതൃത്വത്തിലുള്ള 18 പേരോളം അടങ്ങിയ തൊഴിലാളികൾക്കാണ് നിധി ലഭിച്ചത്. 17 മുത്തുമണികൾ, 13 സ്വർണ ലോക്കറ്റുകൾ, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങൾ, പഴയകാല അഞ്ചു മോതിരങ്ങൾ, ഒരു സെറ്റ് കമ്മൽ, ഒട്ടേറെ വെള്ളിനാണയങ്ങൾ എന്നിവയാണ് കുടത്തിൽ ഉണ്ടായിരുന്നത്.
ഉപേക്ഷിക്കപ്പെട്ട നിലയിലും ഒളിച്ചുവെച്ച നിലയിലും ജില്ലയിൽ ബോംബുകൾ കണ്ടെത്തുന്നതാണല്ലോ കാലം. അതുകൊണ്ട് മണ്ണിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ കുടവും ആദ്യം ബോംബാണെന്നാണ് ഇവർ കരുതിയത്. നിധിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവർ ചെങ്ങളായി പഞ്ചായത്ത് ഓഫീസിൽ വിവരമറിയിച്ചു. പിന്നാലെ പോലീസെത്തി ഏറ്റുവാങ്ങുകയും ചെയ്‌തു.
പോലീസ് നിധി തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. പുരാവസ്‌തു വകുപ്പിനെ വിവരം അറിയിച്ചതായി എസ്‌ഐ എംപി ഷിജു അറിയിച്ചു. നിധിയിലെ നാണയങ്ങളിൽ വർഷം രേഖപ്പെടുത്തിയിട്ടില്ല. നാണയങ്ങൾ പരിശോധിച്ച് പഴക്കം നിർണയിക്കാമെന്ന് പുരാവസ്‌തു വകുപ്പ് ഡയറക്‌ടർ ഇ ദിനേശൻ പറഞ്ഞു. ക്ഷേത്രങ്ങളിലും തറവാടുകളുടെ പടിഞ്ഞാറ്റകളിലും സൂക്ഷിക്കുന്ന മൂലഭണ്ഡാരത്തിന്റെ മാതൃകയാണ് നിധി അടങ്ങിയ പാത്രത്തിന്.
Most Read| നീതി ആയോഗ് സുസ്‌ഥിര വികസന സൂചിക; നാലാം തവണയും കേരളം ഒന്നാമത്