തിരുവനന്തപുരം: നയാപൈസ കൈയ്യിലിൽ ഇല്ലെന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ ക്രൈം ബ്രാഞ്ചിനോട്. പണമെല്ലാം ധൂർത്തടിച്ചെന്നാണ് മോൻസൺ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞത്. പരാതിക്കാരിൽ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും മോൻസൺ പറഞ്ഞു.
അതേസമയം, ബാങ്ക് വഴി കൈപ്പറ്റിയ തുക പ്രതി സമ്മതിച്ചു. തട്ടിപ്പ് പണമുപയോഗിച്ച് പലയിടത്തു നിന്ന് പുരാവസ്‌തുക്കൾ വാങ്ങിയെന്ന് അവകാശവാദം. പാസ്‌പോർട്ടില്ലെന്നും ഇന്ത്യയ്‌ക്ക് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ലെന്നും മോൻസൺ ക്രൈം ബ്രാഞ്ചിനെ അറിയിച്ചു.
തട്ടിപ്പു പണം കൊണ്ട് പളളിപ്പെരുനാൾ നടത്തി, ഇതിനായി ഒന്നരക്കോടി ചെലവായി. വീട്ടുവാടക മാസം അൻപതിനായിരം രൂപയും കറന്റ് ബില്ല് ശരാശരി പ്രതിമാസം മുപ്പതിനായിരം രൂപയും ചെലവാക്കി. സ്വകാര്യ സുരക്ഷയ്‌ക്ക് ഉൾൾപ്പെടെ ശരാശരി മാസച്ചെലവ് ഇരുപത്തിയഞ്ച് ലക്ഷം വരുമെന്നും മോൻസൺ ചോദ്യം ചെയ്യലിൽ പറഞ്ഞു. തട്ടിപ്പുപണം കൊണ്ട് കാറുകൾ വാങ്ങിക്കൂട്ടിയെന്നും പ്രതി മൊഴി നല്‍കി.
പണം തന്നവർക്ക് പ്രതിഫലമായി കാറുകൾ നൽകി. പരാതിക്കാരായ യാക്കൂബിനും അനൂപിനും പോർഷെ, ബിഎംഡബ്‌ള്യൂ കാറുകൾ നൽകിയെന്നാണ് മൊഴി. 100 രാജ്യങ്ങൾ സന്ദർശിച്ചു എന്നത് വെറുതെ പറഞ്ഞതാണെന്നും മോൻസൺ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. പാസ്പോർട്ടില്ലാതെയാണ് മോൻസൺ പ്രവാസി സംഘടനാ രക്ഷാധികാരിയായത്.
അതേസമയം, മോൻസണിന്റെ ശബ്‌ദ സാമ്പിൾ ഇന്ന് ശേഖരിക്കും. പരാതിക്കാരുമായുള്ള സംഭാഷണത്തിലെ ശബ്‌ദം ഉറപ്പുവരുത്താനാണിത്. ചേർത്തലയിലെ മോൻസന്റെ വീട്ടിലെ റെയ്‌ഡിൽ കുടുംബാംഗങ്ങളുടെ ബാങ്ക് രേഖകൾ പിടിച്ചെടുത്തു. ഭാര്യ, രണ്ട് മക്കൾ എന്നിവരുടെ അക്കൗണ്ട് രേഖകളാണ് പിടിച്ചെടുത്തത്. ഇവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു.
Most Read: ഖത്തറിൽ മാസ്‌ക് ഉപയോഗത്തിന് ഇളവ് അനുവദിച്ചു







































