കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പ്രതിചേർത്ത് ക്രൈം ബ്രാഞ്ച്. സുധാകരനെ രണ്ടാം പ്രതിയാക്കി വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ബുധനാഴ്‌ച ഹാജരാകാൻ സുധാകരന് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.
സുധാകരനെ പ്രതിചേർത്ത് ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട് നൽകി. മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപിക്കെതിരെ നേരത്തെ ഗുരുതരാരോപണം ഉയർന്നിരുന്നു. സുധാകരന്റെ സാന്നിധ്യത്തിലാണ് മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ക്രൈം ബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചിരുന്നു.
2018 നവംബർ 22ന് മോൻസന്റെ കലൂരിലുള്ള വീട്ടിൽ വെച്ച് കെ സുധാകരന്റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാർ ക്രൈം ബ്രാഞ്ചിനെ അറിയിച്ചത്. കെ സുധാകരൻ എംപി എന്നാണ് ഇവരുടെ പരാതിയിൽ ഉള്ളതെങ്കിലും 2018ൽ സംഭവം നടക്കുമ്പോൾ സുധാകരൻ എംപിയായിരുന്നില്ല. കെ സുധാകരനും മോൻസൺ മാവുങ്കലുമായുള്ള ബന്ധം സൂചിപിപ്പിക്കുന്ന ചിത്രങ്ങളും അതിനിടെ പുറത്തുവന്നിരുന്നു.
എന്നാൽ, പ്രവാസി സംഘടനയുടെ ഭാരവാഹി എന്ന നിലയിലാണ് മോൻസണെ പരിചയപ്പെട്ടതെന്ന് സുധാകരനൊപ്പം ചിത്രത്തിലുള്ള മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ പ്രതികരിച്ചത്. എന്നാൽ, അന്വേഷണത്തിൽ സുധാകരനെതിരെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്‌തമാക്കുന്നത്.
Most Read: കോവിൻ ആപ്പിലെ വ്യക്‌തിഗത വിവരങ്ങൾ ചോർന്നു; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം