കൊച്ചി: മോൻസൺ മാവുങ്കൽ പുരാവസ്‌തു സാമ്പത്തിക തട്ടിപ്പു കേസിൽ കുറ്റപത്രം അടുത്ത മാസം സമർപ്പിക്കും. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് രണ്ടു വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. ചോദ്യം ചെയ്യലും, തെളിവ് ശേഖരണവും പൂർത്തിയായി. കേസിൽ ആകെ ഏഴ് പ്രതികളാണുള്ളത്.
മോൻസൺ മാവുങ്കൽ, കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, ഐജി ലക്ഷ്‌മണ, എബിൻ എബ്രഹാം, എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, ശിൽപ്പി സന്തോഷ് എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികളുടെ അറസ്‌റ്റ് നേരത്തെ രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരുന്നു. മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ വെച്ച് സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസൺ മാവുങ്കലിന്റെ മുൻ ജീവനക്കാരൻ ജിൽസൺ മൊഴി നൽകിയിരുന്നു.
2018 നവംബറിലായിരുന്നു പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരനായ അനൂപ് അഹമ്മദും മൊഴി നൽകിയിരുന്നു. വിദേശത്ത് നിന്നെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപ്പറ്റാൻ ഡെൽഹിയിലെ തടസങ്ങൾ നീക്കാൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25 ലക്ഷം രൂപ വാങ്ങി മോൻസൻ വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം കൈപ്പറ്റിയെന്നുമാണ് കേസ്.
Most Read| ജോ ബൈഡൻ നാളെ ഇസ്രയേലിൽ; നെതന്യാഹുവുമായി കൂടിക്കാഴ്‌ച നടത്തും