കൊച്ചി: പുരാവസ്‌തു തട്ടിപ്പുകേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ പോലീസ് സീല്‍ ചെയ്‌തിരുന്ന വീട്ടില്‍ മോഷണം നടന്നതായി ക്രൈംബ്രാഞ്ച്. വ്യാജ പുരാവസ്‌തുക്കളും വിഗ്രഹങ്ങളും സൂക്ഷിച്ചിരുന്ന മോന്‍സന്റെ കലൂരിലെ വീട്ടിലെ സാധനങ്ങളാണ് കാണാതായിരിക്കുന്നത്.
വിലപിടിപ്പുള്ള 15 വസ്‌തുക്കൾ നഷ്‍ടമായതായി ഡിവൈഎസ്‍പി വൈആർ റസ്‌റ്റം പറഞ്ഞു. ഇന്ന് ഉച്ചയോടെ മോൻസന്റെ കലൂരിലെ വീട്ടിൽ നടന്ന ക്രൈംബ്രാഞ്ച് പരിശോധനക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാജ പുരാവസ്‌തുക്കളൊന്നും നഷ്‍ടമായിട്ടില്ലെന്നും വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷണം പോയിരിക്കുന്നതെന്നും മോന്‍സന്റെ വീട്ടില്‍ പരിശോധന നടത്തിയ ശേഷം റസ്‌റ്റം അറിയിച്ചു.
വീട്ടിലുണ്ടായിരുന്ന നിലവിളക്കുകള്‍, പഞ്ചലോഹത്തിലും ചെമ്പിലും തീര്‍ത്ത പ്രതിമകള്‍ തുടങ്ങിയ 15 വസ്‍തുക്കളാണ് നഷ്‍ടമായിരിക്കുന്നത്. വീടിന്റെ വാതികളോ ജനലുകളോ തകര്‍ത്തതായി കണ്ടെത്തിയിട്ടില്ല. അതിനാല്‍, ഡ്യൂപ്ളിക്കേറ്റ് താക്കോല്‍ കൈവശമുള്ള ആളുകളാകാം മോഷണം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.
കോടതി ഉത്തരവ് പ്രകാരം വീട്ടിലെ സാധനങ്ങള്‍ മാറ്റാന്‍ എത്തിയപ്പോഴാണ് ലിസ്‌റ്റിലുള്ള എല്ലാ സാധനങ്ങളും മോന്‍സന്റെ വീട്ടില്‍ ഇല്ലെന്ന് മനസിലായതെന്ന് റസ്‌റ്റം പറഞ്ഞു. നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലാണ് താക്കോല്‍ ലോക്ക് ചെയ്‌ത് വെച്ചിരുന്നത്. ആദ്യം സെക്യൂരിറ്റി ഉണ്ടായിരുന്നെങ്കിലും പഴയ സാധനങ്ങളായതിനാല്‍ പിന്നീട് സുരക്ഷ ഒഴിവാക്കിയിരുന്നു. അതറിഞ്ഞാവണം മോഷണം നടത്തിയതെന്നും ഡിവൈഎസ്‍പി കൂട്ടിച്ചേര്‍ത്തു.
മോഷണം സംബന്ധിച്ച റിപ്പോര്‍ട്ട് നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ നല്‍കി. നോര്‍ത്ത് പോലീസാകും തുടരന്വേഷണം നടത്തുക. സംഭവത്തിൽ കോടതി ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം തനിക്കെതിരെയുള്ള കൈക്കൂലി കേസിൽ റസ്‌റ്റം പ്രതികരിച്ചു.
‘താൻ അന്വേഷണം തുടങ്ങുന്നതിനുമുൻപേ കൈക്കൂലി തന്നുവെന്നാണ് ആരോപണം. പോക്‌സോ കേസിലെ ഇരയ്‌ക്ക് പരാതിക്കാരാണ് പണം നൽകിയത്. 10 കോടി മോൻസന് നൽകിയെന്നാണ് പരാതിക്കാർ പറയുന്നത്. എന്നാൽ, ബാങ്ക് രേഖയിൽ രണ്ടു കോടി മാത്രമാണ് നൽകിയിരിക്കുന്നത്. ഇരയായ പെൺകുട്ടിയുടെ സഹോദരന് അഞ്ചു ലക്ഷം രൂപ നൽകി സ്വാധീനിക്കാൻ ശ്രമിച്ചു. ഇതു ചോദ്യം ചെയ്‌തതാണ് തനിക്കെതിരെയുള്ള കള്ളപ്പരാതിയുടെ കാരണം‘ -റസ്‌റ്റം പറഞ്ഞു.
HEALTHY READ | ഷവർമക്ക് മാത്രമല്ല, ഊണിനും സ്‌നാക്ക്‌സിനും ലേബൽ പതിക്കണം