തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ളിപ്പോ സ്‌റ്റിക്കറോ നിർബന്ധമായും പാഴ്‌സൽ ഭക്ഷണ കവറിന് പുറത്ത് പതിപ്പിക്കണമെന്ന് സംസ്‌ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കർശന നിർദ്ദേശം. ലേബൽ പതിക്കണമെന്ന നിയമം ഉണ്ടെങ്കിലും കടയുടമകൾ പാലിക്കുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിയമം കർശനമാക്കാൻ കമ്മീഷണർ ജാഫർ മാലിക് നിർദ്ദേശം നൽകിയത്.
ഫുഡ്‌സേഫ്‌റ്റി സ്‌റ്റാൻഡേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ‘ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ്’ വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്‌ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. ഇത്തരം ഭക്ഷണം എത്തിക്കുവാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്‌ഥലങ്ങളിലേക്കുള്ള യാത്രയിൽ 60 ഡിഗ്രി ഊഷ്‌മാവ് നിലനിര്‍ത്തുകയും വേണം. ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്‌മാവിൽ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതും ആകാനുള്ള സാധ്യത കൂടുതലാണ്.
നിലവിൽ പായ്‌ക്കറ്റുകളിൽ വിൽപ്പന നടത്തുന്ന ഭക്ഷണത്തിൽ ലേബൽ നിർബന്ധമാണ്. എന്നാൽ, കടകളിൽ നിന്നും വാങ്ങുന്ന പാഴ്‌സലുകളിൽ ഭക്ഷണം തയ്യാറാക്കിയ സമയത്തെ സംബന്ധിച്ചോ ഉപയോഗിക്കേണ്ട സമയപരിധിയെ കുറിച്ചോ ഉപഭോക്‌താക്കൾക്ക് ധാരണയില്ല. പലരും പാഴ്‌സൽ വാങ്ങി സ്വന്തം സൗകര്യത്തിനു അനുസരിച്ചു കഴിക്കുന്നവരാണ്. എന്നാൽ, ഓരോ ഭക്ഷണവും തയ്യാറാക്കിയ സമയം മുതൽ നിശ്‌ചിത സമയത്തിനുള്ളിൽ തന്നെ ഉപയോഗിക്കേണ്ടതാണ്. ഷവർമ പോലുള്ള ഭക്ഷണം സമയപരിധി കഴിഞ്ഞു ഉപയോഗിക്കുന്നത് കൂടുതൽ അപകടം വരുത്തുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർ പറഞ്ഞു.
കടകളിൽ നിന്നും പാഴ്‌സലായി വിൽപ്പന നടത്തുന്ന ഊണ്, സ്‌നാക്ക്‌സ്, മറ്റു ഭക്ഷണങ്ങൾ എന്നിവക്കെല്ലാം നിയമം ബാധകമാണ്. ഓൺലൈൻ വഴി വിപണനം നടത്തുന്ന ഭക്ഷണ പായ്‌ക്കറ്റുകളിലും ലേബൽ പതിക്കണം. ലേബൽ പതിക്കാതെ പാഴ്‌സൽ ഭക്ഷണം വിൽപ്പന നടത്തുന്നത് നിലവിൽ നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.
സംസ്‌ഥാനത്ത് ഭക്ഷ്യവിഷബാധാ കേസുകൾ കൂടിയതിന് പിന്നാലെയായിരുന്നു ആരോഗ്യവകുപ്പ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ഭക്ഷണ പാർസലുകളിൽ സ്ളിപ്പിലോ സ്‌റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്‌ത തീയതിയും സമയവും എത്ര സമയത്തിനുള്ളിൽ പ്രസ്‌തുത പാഴ്‌സൽ ഭക്ഷണം കഴിക്കണം എന്നിവയും വ്യക്‌തമായി രേഖപ്പെടുത്തണം എന്ന് ആരോഗ്യവിഭാഗം ഉത്തരവിറക്കിയിരുന്നു.
ഫെബ്രുവരി ഒന്ന് മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വന്നത്. തുടർന്ന് ആരോഗ്യവിഭാഗം സംസ്‌ഥാന സംസ്‌ഥാന വ്യാപകമായി പരിശോധന കർശനമാക്കിയിരുന്നു. പിന്നാലെ സുരക്ഷ ഉറപ്പാക്കാൻ ജീവനക്കാർക്ക് ഹെൽത്ത് കാർഡും നിർബന്ധമാക്കിയിരുന്നു. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്‌ഥാപനങ്ങളിലേയും ഭക്ഷ്യ വസ്‌തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിർബന്ധമാണ്.
Most Read| മകളുടെ ഓർമയ്‌ക്ക്; ഏഴുകോടിയോളം വിലയുള്ള ഭൂമി സർക്കാരിന് വിട്ടുനൽകി ഒരമ്മ