കോവിൻ ആപ്പിലെ വ്യക്‌തിഗത വിവരങ്ങൾ ചോർന്നു; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

വാക്‌സിനേഷൻ സമയത്ത് നൽകിയ പേര്, ആധാർ, പാസ്‌പോർട്ട്, പാൻകാർഡ് തുടങ്ങിയ രേഖകൾ, ജനന വർഷം, വാക്‌സിൻ എടുത്ത കേന്ദ്രം, വാക്‌സിന്റെ പേര് തുടങ്ങിയ വിവരങ്ങളാണ് ഹാക്ക് ഫോർ ലേണെന്ന ടെലഗ്രാം ബോട്ടിലൂടെ ചോർന്നത്. ഒരു വ്യക്‌തി ഏത് വാക്‌സിനാണ് സ്വീകരിച്ചതെന്നും മറ്റൊരാൾക്ക് അറിയാൻ സാധിക്കും.

By Trainee Reporter, Malabar News
cowin_app

ന്യൂഡെൽഹി: കോവിൻ ആപ്പിലെ സ്വകാര്യ വ്യക്‌തിഗത വിവരങ്ങൾ ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. കോവിഡ് വാക്‌സിനേഷൻ സമയത്ത് വ്യക്‌തികൾ നൽകിയ വിവരങ്ങൾ ടെലഗ്രാമിലൂടെ ചോർന്നത് ദേശസുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണെന്ന് പ്രതിപക്ഷം പ്രതികരിച്ചു. പൗരൻമാരുടെ സ്വകാര്യത നഷ്‌ടമായെന്നും അടിയന്തിരമായി അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

പ്രതിഷേധം ഉയർന്നതോടെ ടെലഗ്രാം ബോട്ടിലെ, വിവരങ്ങൾ പുറത്തുവരുന്ന സംവിധാനം നിശ്‌ചലമായി. അതേസമയം, വ്യക്‌തിഗത വിവരങ്ങൾ ചോർന്നതിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. കോവിഡ് വാക്‌സിൻ വിതരണത്തിനായി കേന്ദ്ര സർക്കാർ കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ സംവിധാനമാണ് കോവിൻ പോർട്ടൽ. പൂർണ സുരക്ഷിതമെന്ന് സർക്കാർ അവകാശപ്പെട്ട പോർട്ടലിലെ വിവരങ്ങളാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.

വാക്‌സിനേഷൻ സമയത്ത് നൽകിയ പേര്, ആധാർ, പാസ്‌പോർട്ട്, പാൻകാർഡ് തുടങ്ങിയ രേഖകൾ, ജനന വർഷം, വാക്‌സിൻ എടുത്ത കേന്ദ്രം, വാക്‌സിന്റെ പേര് തുടങ്ങിയ വിവരങ്ങളാണ് ഹാക്ക് ഫോർ ലേണെന്ന ടെലഗ്രാം ബോട്ടിലൂടെ ചോർന്നത്. ഒരു വ്യക്‌തി ഏത് വാക്‌സിനാണ് സ്വീകരിച്ചതെന്നും മറ്റൊരാൾക്ക് അറിയാം. വ്യക്‌തികളുടെ ഫോൺ നമ്പറോ ആധാർ നമ്പറോ നൽകിയാൽ ഒറ്റയടിക്ക് മുഴുവൻ വിവരങ്ങളും ലഭ്യമാകും. രാജ്യത്തെവിടെയിരുന്നും വിവരങ്ങൾ ചോർത്താം.

കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാക്കളുടെയും വിവരങ്ങൾ ഈ രീതിയിൽ ലഭ്യമായതിന്റെ സ്‌ക്രീൻ ഷോട്ടുകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോവിൻ പോർട്ടലിൽ ഫോൺ നമ്പറും ഒടിപിയും നൽകിയാൽ മാത്രം ലഭ്യമാകുന്ന വിവരങ്ങൾ എങ്ങനെ ടെലഗ്രാമിൽ എത്തിയെന്നത് സംബന്ധിച്ച് വ്യക്‌തതയില്ല. പ്രതിഷേധം ഉയർന്നതോടെ ടെലഗ്രാം ബോട്ടിലെ വിവരങ്ങൾ പുറത്തുവരുന്ന സംവിധാനം നിശ്‌ചലമാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ ഇടപെടൽ മൂലമാണോ നടപടിയെന്ന് വ്യക്‌തമല്ല.

Most Read: വിദ്യ സമർപ്പിച്ചത് വ്യാജരേഖ തന്നെ; ഒപ്പും സീലും വ്യത്യസ്‌തം- മഹാരാജാസിൽ തെളിവെടുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE