കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവായ കെ വിദ്യ തയ്യാറാക്കിയത് വ്യാജരേഖ തന്നെയെന്ന് പോലീസ്. അന്വേഷണ സംഘം ഇന്ന് മഹാരാജാസ് കോളേജിലെത്തി തെളിവെടുപ്പ് നടത്തി. വൈസ് പ്രിൻസിപ്പൽ ഡോ. ബിന്ദു ശർമിള, മുൻ വൈസ് പ്രിൻസിപ്പൽ ജയമോൾ, മലയാളം വിഭാഗം അധ്യാപകൻ മുരളി എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ഡിവൈഎസ്‌പി എൻ മുരളീധരന്റെ നേതൃത്വത്തിലുള്ള അഗളി പോലീസ് സംഘമാണ് കോളേജിലെത്തി വിവരങ്ങൾ ശേഖരിച്ചത്.
വിദ്യയുടെ എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് വ്യക്‌തമാണെന്ന് വൈസ് പ്രിൻസിപ്പൽ ഡോ. ബിന്ദു ശർമിള പോലീസിന് മൊഴി നൽകി. വിദ്യ സമർപ്പിച്ച രേഖയിലെ സെക്ഷൻ നമ്പർ തെറ്റാണ്. അതിലുള്ള സീലും മഹാരാജാസിൽ നിന്നും ഇഷ്യൂ ചെയ്യുന്നതു നിന്നും വ്യത്യസ്‌തമാണ്. മാത്രമല്ല, കഴിഞ്ഞ പത്ത് വർഷമായി മലയാളം വിഭാഗത്തിൽ ഗസ്‌റ്റ് ലക്ച്ചററെ നിയമിച്ചിട്ടില്ലെന്നും വൈസ് പ്രിൻസിപ്പൽ വ്യക്‌തമാക്കി.
ഈ സാഹചര്യത്തിൽ അത്തരത്തിലൊരു എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് കോളേജിൽ നിന്നും ഇഷ്യൂ ചെയ്‌തിട്ടില്ലെന്നും മറ്റൊരു സ്കോളർഷിപ്പിനായി നൽകിയ സർട്ടിഫിക്കറ്റിലെ ഒപ്പും സീലും ഉപയോഗിച്ചാണ് വിദ്യ വ്യാജരേഖ ഉണ്ടാക്കിയതെന്നുമാണ് സംശയിക്കുന്നതെന്നും വൈസ് പ്രിൻസിപ്പൽ ഡോ. ബിന്ദു ശർമിള വ്യക്‌തമാക്കി.
അതേസമയം, വ്യാജരേഖ തയ്യാറാക്കിയ കേസിൽ അന്വേഷണസംഘം ഇന്ന് അട്ടപ്പാടി ഗവ.കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയെടുക്കും. അഗളി സിഐ കോളേജിൽ നേരിട്ടെത്തിയാകും മൊഴി രേഖപ്പെടുത്തുക. ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നവരിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിക്കും. എന്നാൽ, സംഭവത്തിൽ കേസെടുത്ത് ഒരാഴ്‌ച പിന്നിട്ടിട്ടും വിദ്യയെ പോലീസിന് പിടികൂടാനായിട്ടില്ല. വിദ്യയുടെ രണ്ടു മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ആണെന്നാണ് പോലീസ് പറയുന്നത്. വിദ്യ എവിടെയെന്നതിൽ വ്യക്‌തമല്ല. നാല് സ്‌ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നതായും പോലീസ് അറിയിച്ചിട്ടുണ്ട്.
Most Read: കൈവീശിയടിച്ചു, അസഭ്യം പറഞ്ഞു; വനിതാ ഡോക്‌ടർക്ക് നേരെ രോഗിയുടെ അതിക്രമം