ആലപ്പുഴ: 1989ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം സ്‌ഥാനാർഥിക്ക് വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് മുൻ മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തൽ. ഈ സംഭവത്തിൽ ഇനി തിരഞ്ഞെടുപ്പ് കമ്മീഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും സുധാകരൻ പറഞ്ഞു.
ആലപ്പുഴയിൽ നടന്ന എൻജിഒ യൂണിയൻ സംസ്‌ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിലാണ് താനുൾപ്പടെ ഉള്ളവർ ചേർന്ന് 36 വർഷം മുൻപ് നടത്തിയ തിരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റി സുധാകരൻ വെളിപ്പെടുത്തിയത്.
”സിപിഎമ്മിന്റെ സർവീസ് സംഘടനയായ കെഎസ്‌ടിഎയുടെ നേതാവായിരുന്ന കെവി ദേവദാസ് ആലപ്പുഴയിൽ മൽസരിച്ചപ്പോൾ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാൻ. ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് ഞാനുൾപ്പടെയുള്ളവർ ചേർന്ന് പോസ്‌റ്റൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്. അന്ന് സിപിഎം സർവീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടിൽ 15% ദേവദാസിന് എതിരായിരുന്നു”-ജി സുധാകരൻ പറഞ്ഞു.
”എൻജിഒ യൂണിയനിൽപ്പെട്ടവരെല്ലാം ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ല. അങ്ങനെ പ്രത്യേകം നിഷ്‌കർഷകളുമില്ല. രാഷ്‌ട്രീയമില്ലാത്ത സംഘടനയാണ് എൻജിഒ. ഏത് പാർട്ടിയിൽ പെട്ടവർക്കും ഈ സംഘടനയിൽ ചേരാം. പക്ഷേ, ഒരു തിരഞ്ഞെടുപ്പൊക്കെ വരുമ്പോൾ അത് തുറന്നുപറയണം, ഞാൻ ഈ വ്യക്‌തിക്കാണ് വോട്ടുചെയ്യുക എന്ന്. അല്ലാതെ പോസ്‌റ്റർ ബാലറ്റ് ഒട്ടിച്ചു തന്നാൽ നിങ്ങളുടെ തീരുമാനം ആരും അറിയില്ല എന്ന് കരുതരുത്”- അദ്ദേഹം കൂട്ടിച്ചേർത്തു.
അന്ന് വക്കം പുരുഷോത്തമന് എതിരായിട്ടായിരുന്നു ദേവദാസ് മൽസരിച്ചത്. യൂണിയനിലെ മിക്കവർക്കും ദേവദാസിനെ അറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് അത്തരം ഒരു പ്രവർത്തി ചെയ്യേണ്ടിവന്നതെന്നും ജി സുധാകരൻ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ 18,000 വോട്ടിന് ദേവദാസ് തോറ്റിരുന്നു.
Most Read| 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ